thumbnail

By

Published : Apr 29, 2023, 3:44 PM IST

ETV Bharat / Videos

നെയ്‌തലക്കാവിലമ്മ തെക്കേ ഗോപുരമിറങ്ങി; നാളെ പൂരങ്ങളുടെ പൂരം

തൂശൂര്‍: നെയ്‌തലക്കാവ് ഭഗവതി തെക്കേ ഗോപുരമിറങ്ങിയതോടെ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾക്ക് തുടക്കം. കൊമ്പൻ എറണാകുളം ശിവകുമാറാണ് തിടമ്പേറ്റിയത്. നാളെയാണ് ചരിത്രപ്രസിദ്ധമായ തൃശൂർ പൂരം. 

ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമായതോടെ ആയിരക്കണക്കിന് പൂരപ്രേമികളുടെ മനസിൽ ആഹ്ളാദ പെരുമഴയാണുണ്ടായത്. ഭഗവതിയുടെ തിടമ്പേന്തിയ കൊമ്പൻ എറണാകുളം ശിവകുമാറാണ് നടതുറന്നത്. പതിവിലും ചടങ്ങ് വൈകിയെങ്കിലും പൂരപ്രേമികളുടെ ആവേശം കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല. രാവിലെയാണ് എറണാകുളം ശിവകുമാറിന്‍റെ ശിരസിൽ ഭഗവതി സ്വരാജ് റൗണ്ടിന് നടുവിലെ പൂരപ്പറമ്പിലെത്തിയത്.

കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അകമ്പടിയേകിയത്. വടക്കുംനാഥന്‍റെ തിരുമുറ്റമായ പൂരപ്പറമ്പിൽ എത്തിയ നെയ്‌തലക്കാവിലമ്മ പൂരം നടത്തുന്നതിന് അനുമതി തേടി. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രവളപ്പിൽ പ്രവേശിച്ച ഭഗവതി, നടപ്പാണ്ടി മേളത്തിന്‍റെ അകമ്പടിയോടെയാണ് തെക്കേ ഗോപുരത്തിനുള്ളിലെത്തിയത്. നെയ്‌തലക്കാവിലമ്മ തെക്കേ ഗോപുരമിറങ്ങി ചടങ്ങുകൾ തുടങ്ങിയതോടെ ഇനി തൃശൂരിന് പൂരാവേശത്തിന്‍റെ മണിക്കൂറുകളാണ്.

അതേസമയം, തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്രദർശനം തുടരുകയാണ്. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്‌തുഭം ഹാളിലുമാണ് ആനച്ചമയങ്ങളുടെ വർണവിസ്‌മയം ഒരുക്കിയിരിക്കുന്നത്. മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരങ്ങളും നെറ്റിപ്പട്ടങ്ങളുമൊക്കെയായി പൂരപ്രേമികൾക്ക് കാഴ്‌ചയുടെ വിരുന്നൊരുക്കുകയാണ് ഇരുദേവസ്വങ്ങളും. ഇന്ന് രാത്രി 12 വരെ ചമയപ്രദര്‍ശനം തുടരും. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.