തിരുവനന്തപുരം: 'ദ ഹിന്ദു' പത്രത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖം തയ്യാറാക്കിയ പിആർ ഏജൻസിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏജൻസിക്ക് ആരുമായാണ് ബന്ധം എന്ന് അന്വേഷിക്കണം. ഏജൻസി എഴുതിക്കൊടുത്ത ഭാഗമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണല്ലോ അഭിമുഖം നൽകിയത്. ഏജൻസി ഏത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അന്വേഷിച്ചാൽ മനസിലാകും. പിആർ ഏജൻസി വാഗ്‌ദാനം ചെയ്‌തിട്ടാണ് പത്രം അഭിമുഖത്തിന് തയ്യാറായത്. ഏജൻസിക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ട്. ഡൽഹിയിലെ ഏമാന്മാരെ തൃപ്‌തിപ്പെടുത്താനാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദേശീയ തലത്തിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. ബുദ്ധിപൂർവം ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഏജൻസിയെക്കൊണ്ട് ഈ പരാമർശം നൽകിച്ചത്. അത് പിടിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന് ഏജൻസിയെ നിയോഗിക്കുന്നത് തമാശയാണെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.
ഹിന്ദു പത്രത്തിന്‍റെ വിശദീകരണം വായിച്ചാല്‍ കാര്യം വ്യക്തമാകും. വിശദീകരണം മുഴുവൻ കൊടുക്കാത്തത് ദേശാഭിമാനി പത്രം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കടത്ത് വിഷയം ആദ്യമായി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. അതിനെ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി മുഖ്യമന്ത്രി ഉപയോഗിച്ചെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അഭിമുഖം കൊടുക്കുന്ന സമയത്ത് മുഖ്യമന്ത്രിക്കൊപ്പം രണ്ട് പേർ ഉണ്ടായിരുന്നു. ആരാണ് കൂടെയുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറയണം. അതിനുളള ധൈര്യമുണ്ടോ എന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി അറിയാതെയാണ് ഇത് ചെയ്‌തതെങ്കിൽ കേസെടുക്കണം. മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കിൽ ക്രിമിനൽ കുറ്റമാണ് ഏജൻസി ചെയ്‌തതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
സിപിഎമ്മിന്‍റെ രാഷ്ട്രീയ ജീര്‍ണത ഇടതുമുന്നണിയുടെ ശിഥിലീകരണത്തിന് കാരണമാകുന്നു. അതിന്‍റെ തെളിവാണ് അൻവര്‍ പുതിയ പാർട്ടി രൂപീകരിക്കാൻ പോകുന്നത്. ഏത് കാലത്താണ് പ്രതിപക്ഷം ഇതുപോലെ സമരം ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സമരമില്ലെന്ന് പറയുന്നത് സോഷ്യൽ മീഡിയ ആണ്. സമരത്തില്‍ പങ്കെടുക്കാത്തവരാണ് സമൂഹ മാധ്യമങ്ങളില്‍ സമരമില്ലെന്ന് പറഞ്ഞ് കുറിപ്പ് എഴുതുന്നത്. ശക്തമായ സമരമുണ്ടാകും എന്നാല്‍ അക്രമ സമരങ്ങൾക്ക് പ്രതിപക്ഷമില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Also Read: 'പത്രത്തിലേത് താന്‍ പറയാത്ത കാര്യം, മലപ്പുറത്തെ മതനിരപേക്ഷ മനസ് എല്ലാവര്‍ക്കുമറിയാം': മുഖ്യമന്ത്രി