പാലിയേക്കര ടോള്‍പ്ലാസയില്‍ കാർ നിർത്താതെ പോയതിനെ ചൊല്ലി സംഘര്‍ഷം ; യാത്രികനും ജീവനക്കാർക്കും പരിക്ക് - Toll plaza fight
🎬 Watch Now: Feature Video
Published : Jan 11, 2024, 1:29 PM IST
തൃശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ (Thrissur Paliyekkara toll plaza) ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം (fight at Paliyekkara toll plaza). സംഭവത്തിൽ കാര്‍ യാത്രികനും ടോള്‍പ്ലാസ ജീവനക്കാരനും പരിക്കേറ്റു. ചുവന്നമണ്ണ് സ്വദേശി ഷിജുവാണ് പരിക്കേറ്റ യാത്രക്കാരന്‍. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. എറണാകുളത്തെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഷിജു. ഇയാൾ ഓടിച്ചിരുന്ന കാറിന് ഫാസ്‌ടാഗ് ഉണ്ടായിരുന്നില്ല. ടോള്‍ ബൂത്തില്‍ നിര്‍ത്താതെ കടന്നുപോകുന്നതിനിടെ കയര്‍കെട്ടിയുള്ള ഡ്രം ഇട്ട് കാര്‍ തടഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ തന്നെ ആറ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിക്കുകയും വോക്കി ടോക്കി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ ഷിജു പറഞ്ഞു. ഇയാളുടെ അമ്മയും ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഷിജുവിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ ഷിജു പരാതി നല്‍കി. എന്നാല്‍, ടോള്‍ബൂത്തില്‍ പണം അടയ്ക്കാതെ കടന്നുപോകാനുള്ള ശ്രമം തടഞ്ഞ ജീവനക്കാരോട് തട്ടിക്കയറി പ്രകോപനം സൃഷ്‌ടിച്ചത് യാത്രക്കാരനാണെന്നാണ് ടോള്‍കരാര്‍ കമ്പനിയുടെ ആരോപണം. യാത്രക്കാരന്‍ രണ്ട് ജീവനക്കാരെ ആക്രമിച്ചെന്നും ഒരാള്‍ക്ക് പരിക്കേറ്റെന്നും ടോള്‍ അധികൃതര്‍ ആരോപിച്ചു.