തൃശൂര്‍ മാപ്രാണത്ത് മോഷണ പരമ്പര; 7 കടകളില്‍ നിന്നായി നഷ്‌ടപ്പെട്ടത് 40,000 രൂപ - കടകള്‍ കുത്തി തുറന്നു
🎬 Watch Now: Feature Video
Published : Dec 11, 2023, 10:18 PM IST
തൃശൂര്‍ : മാപ്രാണം സെന്‍ററിലെ 7 കടകളിലായി മോഷണം (Theft Series in Mapranam). വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 40,000 രൂപ മോഷണം പോയി. ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു. മാപ്രാണം സെന്‍ററിലെ മാംഗോ ബേക്കേഴ്‌സ്, നന്ദനം മെൻസ് വെയർ, സോപാനം പൂജ സ്റ്റോഴ്‌സ്, അക്ഷയ ജനസേവ കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജങ്‌ഷന് അടുത്തുള്ള പച്ചക്കറി കട എന്നിവടങ്ങളിലാണ് മോഷണം നടന്നത് (Shops were robbed). ഇന്ന് രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. കുറച്ച് ദിവസം മുൻപ് ചേർപ്പ് പാലയ്ക്കലിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. മങ്കി തൊപ്പി വച്ച ഒരാൾ പിക്കാസ് പോലുള്ള ഉപകരണം വച്ച് പൂട്ട് പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാപ്രാണം സോപാനം പൂജ സ്റ്റോഴ്‌സിൽ നിന്നും 14,000 രൂപ നഷ്‌ടപ്പെട്ടു. ഇവിടെ തൊട്ടടുത്തായി ഉണ്ടായിരുന്ന 25,000 രൂപ മോഷ്‌ടാവ് കാണാത്തതിനാൽ നഷ്‌ടപ്പെട്ടില്ല എന്ന് കടയുടമ പറഞ്ഞു. ജനസേവ കേന്ദ്രത്തിൽ നിന്നും 16,000 രൂപയും, നന്ദനത്തിൽ നിന്ന് 2,000 വും മാംഗോ ബേക്കേഴ്‌സിൽ നിന്നും 8,000 രൂപയും നഷ്‌ടപ്പെട്ടതായി ഉടമകൾ പറഞ്ഞു. പൂട്ട് തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന ഒരു വെട്ടുകത്തി പൂജ സ്റ്റോഴ്‌സിന്‍റെ ഷട്ടറിന് മുന്നിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മോഷ്‌ടാവിന്‍റെ ദ്യശ്യങ്ങൾ വിവിധ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട ഇൻസ്പെക്‌ടർ അനീഷ് കരീമിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരും സ്ഥലത്ത് എത്തിയിരുന്നു.