കാട്ടുപോത്ത് ആക്രമണഭീഷണിയിൽ പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകൾ; വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതി - idukki news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18571656-thumbnail-16x9-bvhj.jpg)
ഇടുക്കി: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മൂന്നുപേരുടെ ജീവൻ നഷ്‌ടമായ പശ്ചാത്തലത്തിൽ പാമ്പാടുംപാറ, കരുണാപുരം ഗ്രാമപഞ്ചായത്തുകളിൽ ഭീതിയിൽ ദിനരാത്രങ്ങൾ തള്ളി നീക്കുകയാണ് ജനങ്ങൾ. മേഖലയിൽ കഴിഞ്ഞ രണ്ടുമാസമായി കാട്ടുപോത്തിന്‍റെ സാന്നിധ്യം ഉള്ളതാണ് ആളുകളിൽ ഭീതി ജനിപ്പിക്കുന്നത്. സമീപത്തുള്ള വിവിധ എസ്റ്റേറ്റുകളിലാണ് ഇപ്പോൾ കാട്ടുപോത്ത് കറങ്ങിത്തിരിഞ്ഞ് നടക്കുന്നത്.
650 കിലോയോളം തൂക്കം വരുന്ന രണ്ട് കാട്ടുപോത്തുകളാണ് 4000 ഏക്കറോളം വരുന്ന ഭാസ്‌കര്‍ എസ്‌റ്റേറ്റില്‍ കഴിയുന്നത്. മേഖലയിലെ കൃഷിയിടങ്ങളില്‍ കയറി കൃഷിനാശം വരുത്തുന്നത് പതിവായിരിക്കുകയാണ്. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മൂന്നുപേരുടെ ജീവൻ നഷ്‌ടമായ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ ഭീതി വർദ്ധിച്ചത്. നാട്ടുകാരും, വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പോത്തിനെ ഓടിച്ച് വിടുവാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതുവരെയും ഫലമുണ്ടായില്ല.
'ഇതുവരെയും ആളുകൾക്ക് അപകടം സംഭവിച്ചില്ല എന്നേയുള്ളു. എന്നാൽ കൃഷി നശിപ്പിക്കുകയും പ്രദേശവാസികൾക്ക് വലിയ തോതിലുള്ള പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്‌ചക്ക് മുൻപ് വനംവകുപ്പ് അടക്കമുള്ള അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ നടപടികൾ ഒന്നും ഉണ്ടായില്ല', കാട്ടുപോത്ത് ഭീഷണിയെക്കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ് മോഹനൻ ഇടിവി ഭാരതിനോട് പറഞ്ഞു. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു മാസത്തിലേറെയായി പാമ്പാടുംപാറയുടെ വിവിധ മേഖലകളില്‍ കാട്ടുപോത്തിനെ പലരും കണ്ടതോടെ രാത്രിയിൽ പുറത്തിറങ്ങാതെ കഴിയുകയാണ് പ്രദേശവാസികള്‍.