തട്ടുതട്ടുകളായി പതഞ്ഞൊഴുകി തൂവല്‍ വെള്ളച്ചാട്ടം ; ഇത് വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രം, പക്ഷേ എത്തിച്ചേരാന്‍ പണിപ്പെടണം - idukki news updates
🎬 Watch Now: Feature Video
ഇടുക്കി: ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖലയായ തൂവലിലേക്കുള്ള പാത ശോചനീയാവസ്ഥയില്‍. നെടുങ്കണ്ടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമുള്ള തൂവലിലേക്കുള്ള ഒന്നര കിലോമീറ്ററും തകര്‍ന്ന നിലയിലാണ്. മഴക്കാലമാകുന്നതോടെ മേഖലയിലേക്കുള്ള യാത്ര ഏറെ ദുഷ്‌കരമാകും.
അപകടാവസ്ഥയില്‍ നിലകൊള്ളുന്ന തൂവല്‍ ചപ്പാത്തും പുനര്‍ നിര്‍മിക്കാന്‍ നടപടിയായിട്ടില്ല. നെടുങ്കണ്ടത്ത് നിന്ന് തൂവലിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല എഴുകുംവയല്‍, ഈട്ടിത്തോപ്പ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും സമാന സ്ഥിതി തന്നെയാണ്.
തൂവല്‍ വെള്ളച്ചാട്ടവും ഗ്രാമീണ കാഴ്‌ചകളുമാണ് മേഖലയിലെ പ്രധാന ആകര്‍ഷണം. വേനലവധിക്കാലമായതിനാല്‍ നിരവധി സഞ്ചാരികളാണ് മേഖലയില്‍ ദിവസം തോറും എത്തുന്നത്. വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന സ്ഥലമായിട്ടും മേഖലയിലേക്കുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
തൂവല്‍ അരുവിയ്‌ക്ക് കുറുകെയുള്ള ചപ്പാത്ത് അപകടാവസ്ഥയിലായിട്ട് അഞ്ച് വര്‍ഷമായി. 2018ലെ പ്രളയത്തിലാണ് ചപ്പാത്തിന് കേടുപാടുകള്‍ ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് താത്‌കാലികമായി ചപ്പാത്ത് പുനര്‍ നിര്‍മിച്ചെങ്കിലും വരാനിരിക്കുന്ന മണ്‍സൂണില്‍ കല്ലാര്‍ ഡാമില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ട സാഹചര്യമുണ്ടായാല്‍ ചപ്പാത്ത് പൂര്‍ണമായും തകരാന്‍ സാധ്യതയുണ്ട്. അരുവിയ്‌ക്ക് കുറുകെ ചപ്പാത്തിന് പകരം പാലം നിര്‍മിക്കുന്ന അധികാരികളുടെ വാഗ്‌ദാനം വാക്കിലൊതുങ്ങിയിരിക്കുകയാണിപ്പോള്‍.