'സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയം, നിർമല സീതാരാമന്‍റേത് ജനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനം' : ഡോ.തോമസ് ഐസക് - finance
🎬 Watch Now: Feature Video
തിരുവനന്തപുരം : കേരളത്തിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയം മാത്രമെന്ന് ഡോ.തോമസ് ഐസക്. കേരളത്തിലെ ജനങ്ങൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് നിർമല സീതാരാമൻ നടത്തുന്നത്. ഇതിനെതിരെയുള്ള ജനാരോഷം ജനങ്ങളിൽ നിന്ന് തന്നെ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ധനകാര്യത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം. വായ്‌പ പരിധി വെട്ടി കുറച്ച നയത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം പാലം വലിച്ചില്ലായിരുന്നു എങ്കിൽ കേരളം സുസ്ഥിര ധനസ്ഥിതി കൈവരിച്ചേനെ എന്നും അദ്ദേഹം കൂട്ടിചേർത്തു. നിലവിൽ സംസ്ഥാനത്തിന് അർഹതയുള്ള വായ്‌പ അനുവദിക്കുന്നില്ല. അതിനാൽ ന്യായമായി മൂന്ന് ശതമാനം കടമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിൽ മൈക്ക് കേടായത് നിർദോഷമായി തോന്നുന്നില്ല. മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ല. ആതിഥേയ മര്യാദയില്ലായ്‌മയാണ് അവിടെ നടന്നത്. അതായിരുന്നു ചർച്ചയാവേണ്ടിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്‍റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസിന്‍റെ കീഴിൽ നവ കേരള കാലത്തെ ഭരണനിർവഹണം എന്ന വിഷയത്തിൽ തിരുവനന്തപുരം വുമൺസ് കോളേജിൽ വച്ച് സെമിനാറുകൾ നടക്കുമെന്നും ഡോ തോമസ് ഐസക് അറിയിച്ചു. ഒഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖർ സെമിനാറിൽ പങ്കെടുക്കും. 29ന് രാവിലെ 9: 30ന് എംവി ഗോവിന്ദൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഭരണ മാനേജ്‌മെന്‍റ് വിദഗ്‌ധർ, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്‌ടാവ് ടി കെ നായർ, മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ എന്നിവരും സെമിനാറിൽ പങ്കെടുക്കും. 500 രൂപ രജിസ്റ്റർ ഫീസ് അടച്ചാല്‍ സെമിനാറില്‍ പങ്കെടുക്കാം. വിദ്യാർഥികൾക്ക് 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. താമസം, ഭക്ഷണം, സെമിനാർ കിറ്റ് എന്നിവ ഉൾപ്പെടെയാണ് ഫീസ് ഈടാക്കുന്നത്.