അയ്യനെ വണങ്ങി തിരുവാതിരയാടി കുഞ്ഞു മാളികപ്പുറങ്ങൾ - തിരുവാതിര
🎬 Watch Now: Feature Video
Published : Jan 1, 2024, 5:42 PM IST
പത്തനംതിട്ട: പതിനാല് കുഞ്ഞു മാളികപ്പുറങ്ങൾ തിരുവാതിര ചുവടുവെയ്‌ക്കാൻ ശബരീശന് മുന്നിലെത്തി. വെഞ്ഞാറമൂട് ജീവനകല കലാ -സാംസ്‌കാരിക മണ്ഡലത്തിലെ നർത്തകിമാരാണ് അർച്ചനയായി ശബരിമലയിൽ തിരുവാതിര അവതരിപ്പിച്ചത്. 2017 മുതൽ ജീവനകല കലാ -സാംസ്‌കാരിക മണ്ഡലത്തിലെ നർത്തകിമാര്‍ ശബരിമലയിൽ തിരുവാതിര അവതരിപ്പിക്കുന്നുണ്ട്. പുതുവർഷ പുലരിയിൽ മകരവിളക്കുത്സവത്തിന്‍റെ നിറവിൽ സന്നിധാനത്ത് മറ്റൊരു ഉത്സവ പ്രതീതിയായിരുന്നു നർത്തകിമാർ ഒരുക്കിയത്. ഗണപതി സ്‌തുതിയോടെ തുടങ്ങി തിരുവാതിര പദങ്ങൾ ചൊല്ലി ശ്രീകൃഷ്‌ണ ഭക്തിഗാനത്തിന് കോൽക്കളി കളിച്ചും കുട്ടികൾ ഭക്തരുടെ മനം കവർന്നു. അഞ്ച് തിരുവാതിരയാണ് അവതരിപ്പിച്ചത്. സന്നിധാനത്ത് എത്തിയ അയ്യപ്പഭക്തർക്ക് കുഞ്ഞു മാളികപ്പുറങ്ങളുടെ തിരുവാതിര നയനാനന്ദകരമായിരുന്നു. നടപ്പന്തലിൽ കൂടി നിന്ന ഭക്തർ തിരുവാതിര ആസ്വദിച്ചു. പ്രസിദ്ധ എസ് ആർ , ആദിലക്ഷ്‌മി എസ് എൻ, നില സനിൽ , ആദിത്യ എൻ ബി , പാർവണ ജെ, എ എസ് അനന്തശ്രീ, സി ദക്ഷാരാജ് ആർ, ശിവനന്ദ എൽ ആർ, അനന്യ മനു, അലംകൃത അഭിലാഷ്, ഹൃദ്യ സുമേഷ്, ദിയ പി എസ് നായർ, ആരാധ്യ ആർ പി എന്നിവരാണ് തിരുവാതിര ചുവടുകൾ വച്ചത്. ജീവനകല നൃത്താധ്യാപിക നമിത സുധീഷ് ആണ് കുട്ടികളെ പരിശീലിപ്പിച്ചത്. ശബരിമല തന്ത്രി കണ്‌ഠര് മോഹനര്, മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി എന്നിവർ ഭദ്രദീപം തെളിയിച്ചാണ് സന്നിധാനം ശാസ്‌താ ഓഡിറ്റോറിയത്തിൽ നടന്ന തിരുവാതിര ഉദ്ഘാടനം ചെയ്‌തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പി ആർ ഒ സുനിൽ അരുമാനൂർ , ഉണ്ണികൃഷ്‌ണൻ ബെംഗളുരു എന്നിവരും ദീപം തെളിയിച്ചു. ജീവകല സെക്രട്ടറി വി എസ് ബിജുകുമാർ ,ജോയിന്‍റ് സെക്രട്ടറി പി മധു, ട്രഷറർ കെ ബിനുകുമാർ, സന്തോഷ് വെഞ്ഞാറമൂട്, സാജു മാധവ് എന്നിവർ നേതൃത്വം നൽകിയിരുന്നു.