ഇടുക്കിയില്‍ ദമ്പതികളെ മര്‍ദിച്ച് മോഷ്‌ടാക്കൾ പണം കവര്‍ന്നു ; ആക്രമണം പെപ്പര്‍ സ്പ്രേയ്‌ക്ക് സമാനമായത് മുഖത്തടിച്ച് - മോഷണം
🎬 Watch Now: Feature Video

ഇടുക്കി: നെടുങ്കണ്ടത്ത് ദമ്പതികളെ മർദിച്ച് മോഷ്‌ടാക്കൾ പണം അപഹരിച്ചു. പെപ്പർ സ്പ്രേയ്‌ക്ക് സമാനമായ വസ്‌തു മുഖത്തടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. നെടുങ്കണ്ടം പാലാർ സ്വദേശി പെരുംപുഴയിൽ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മർദനമേറ്റത്. ശ്രീകുമാറിന്‍റെ പക്കലുണ്ടായിരുന്ന 34,000 രൂപ മോഷ്‌ടാക്കൾ അപഹരിച്ചു.
ശനിയാഴ്‌ച (25-03-2023) രാത്രി ഒമ്പതരയോടെയാണ് സംഭവം. സംഘം (കുറി) കഴിഞ്ഞ് മടങ്ങുകയായിരുന്ന ശ്രീകുമാറിനെ ചിലർ വീടിന് സമീപത്തുവച്ച് അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ശ്രീകുമാറിന്‍റെ ഭാര്യ വിജിയെയും മര്‍ദിച്ചു. ശ്രീകുമാറിന്‍റെ കൈക്കും കാലിനും പരിക്കുണ്ട്. വിജിയുടെ വയറിൽ അക്രമികൾ ചവിട്ടുകയായിരുന്നു.
സംഘത്തിൽ നിന്ന് ലഭിച്ച 34,000 രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പണം അക്രമികൾ അപഹരിച്ചു. പരിക്കേറ്റ ഇരുവരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഏതാനും നാളുകളായി മേഖലയിൽ നിലനിൽക്കുന്ന സംഘര്‍ഷങ്ങളുടെ തുടർച്ചയാണിതെന്ന് ആരോപണമുണ്ട്.
പട്ടാപ്പകലും മോഷണം : ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലം നഗരത്തില്‍ പട്ടാപ്പകല്‍ വൃദ്ധയെ ചവിട്ടി വീഴ്ത്തി മാല മോഷ്‌ടിച്ച സംഭവം അരങ്ങേറിയിരുന്നു. ഇരവിപുരം സ്വദേശി തങ്കമ്മയുടെ ഒന്നര പവന്‍റെ മാല മൂന്ന് സ്ത്രീകൾ ചേർന്നാണ് മോഷ്‌ടിച്ചത്. ജില്ല ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ തങ്കമ്മയെ പിന്തുടർന്നായിരുന്നു കവർച്ച.