'എല്ലാം അഭ്യൂഹങ്ങള്‍ മാത്രം' ; കണ്ണൂരില്‍ രാത്രികാലങ്ങളില്‍ 'അജ്ഞാതരുടെ പരാക്രമങ്ങളെ'ന്ന പരാതികള്‍ തള്ളി പൊലീസ് - kannur theft
🎬 Watch Now: Feature Video
കണ്ണൂർ : ജില്ലയിലെ മലയോര ഗ്രാമങ്ങളിൽ രാത്രികാലങ്ങളില്‍ അജ്ഞാതര്‍ ഭീതിപരത്തുന്നുവെന്നത് അഭ്യൂഹം മാത്രമാണെന്ന് പയ്യന്നൂർ ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രൻ. ജനലിൽ ശക്തിയായി അടിക്കുക, നിലയ്‌ക്കാത്ത ഹലോ വിളികൾ ഉയർന്നുകേൾക്കുക, അയലിൽ തൂക്കിയിട്ട വസ്‌ത്രങ്ങൾ കാണാതാവുക തുടങ്ങിയ സംഭവങ്ങളാണ് പ്രചരിച്ചത്. എന്നാൽ മോഷണത്തിന്‍റെ പേരിലോ ഉപദ്രവിച്ചതായോ ഒരു പരാതി പോലും മേഖലയിലെ സ്റ്റേഷനുകളിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എങ്കിലും സംഭവത്തിൽ പൊലീസും നാട്ടുകാർക്കൊപ്പം പരിശോധനയ്‌ക്കായി ചേർന്നിരുന്നു. തുടർന്നാണ് അത്തരത്തിൽ അജ്ഞാതര്‍ ഭീതിപരത്തുന്ന സംഭവങ്ങളില്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ചെറുപുഴ മേഖലയിലെ കോടോപ്പള്ളി, കുണ്ടേരി, പെരുവട്ടം എന്നിവിടങ്ങളിലാണ് ആളുകള്‍ ഇത്തരം പരാതികള്‍ പറഞ്ഞ് രംഗത്തെത്തിയത്. ജൂലൈ രണ്ടാം വാരത്തോടെ ആലക്കോട് പഞ്ചായത്തിലും ഇത്തരത്തിൽ ശല്യം ഉണ്ടായിരുന്നതായി ചിലര്‍ പറഞ്ഞിരുന്നു. വാതിലിലും ജനലിലും തട്ടിവിളിക്കുക, ഭിത്തികളിൽ കരിയിൽ തേച്ച കൈപ്പത്തി പതിപ്പിക്കുക, ജനൽ പാളികൾ കുത്തി തുറക്കുക, ബൾബുകൾ ഊരി മാറ്റുക തുടങ്ങിയ വിക്രിയകൾ ചില അജ്ഞാതര്‍ നടത്തുന്നുവെന്നാണ് ഉയര്‍ന്നുകേട്ടത്. ഇതിന് പിന്നിൽ ഒന്നിൽ കൂടുതൽ സാമൂഹിക വിരുദ്ധർ ഉള്ളതായും പറയപ്പെട്ടിരുന്നു. അതേസമയം നേരത്തേ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ കറുത്ത വസ്‌ത്രം ധരിച്ച് പരിഭ്രാന്തി സൃഷ്‌ടിച്ച ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. 40കാരനായ റോയ് എന്നയാളെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലഹരിക്ക് അടിമയാണ് ഇയാൾ എന്നാണ് പൊലീസ് പറയുന്നത്.