പഞ്ചായത്ത് അംഗത്തിന്‍റെ 'ചില്ലറ'പ്പണി, എണ്ണി വിയര്‍ത്ത് കെഎസ്‌ഇബി ജീവനക്കാര്‍; പവര്‍കട്ടിനും അമിത ചാര്‍ജിനും എതിരെ വേറിട്ട പ്രതിഷേധം - വൈദ്യുതി ജീവനക്കാരെക്കൊണ്ട് ചില്ലറ എണ്ണിപ്പിച്ചു
🎬 Watch Now: Feature Video
Published : Nov 15, 2023, 7:41 AM IST
കൊല്ലം: അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനും വൈദ്യുതി ചാർജ് വർധനയ്‌ക്കും എതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി വൈദ്യുതി വകുപ്പ് ജീവനക്കാരെക്കൊണ്ട് ചില്ലറ എണ്ണിപ്പിച്ച് പഞ്ചായത്തംഗം (paying current bill in coins). തലവൂർ പഞ്ചായത്തംഗം സി രഞ്ജിത്താണ് വൈദ്യുതി ബിൽ തുക ചില്ലറയായി നൽകി ഉദ്യോഗസ്ഥരെ വലച്ചത്. പത്തനാപുരം തലവൂർ മേഖലയിൽ ദിവസവും പല തവണ വൈദ്യുതി മുടങ്ങുമെന്നും പട്ടാഴിയിലെ സെക്ഷൻ ഓഫിസിൽ അറിയിച്ചാൽ ഒഴിവു കഴിവ് പറയുകയായിരുന്നു ഉദ്യോഗസ്ഥരുടെ പതിവെന്നും രഞ്ജിത്ത് ആരോപിക്കുന്നു (protest against electricity department). ഇതിനിടയിലാണ് വൈദ്യുതി ചാർജ് വർധിപ്പിച്ചത്. പ്രതിഷേധത്തിന് പല വഴികൾ തെരഞ്ഞെടുത്തിട്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് പുതിയ മാർഗം തേടാൻ രഞ്ജിത്ത് തീരുമാനിച്ചത്. ഇന്നലെയായിരുന്നു വൈദ്യുതി വിഛേദിക്കാതിരിക്കാനുള്ള അവസാന തീയതി. തുടർന്ന് രണ്ടാലുംമൂട് വാർഡിലെ 9 പേരുടെ വൈദ്യുതി ബില്ലുകൾ ശേഖരിച്ച് മൊത്തം ബിൽ തുകയായ പതിനായിരത്തോളം രൂപയുടെ ചില്ലറയുമായി വൈദ്യുതി ഓഫിസിലെത്തി അടയ്‌ക്കുകയായിരുന്നു. ഏറെ സമയമെടുത്താണ് ഇത്രയും തുക ജീവനക്കാർ എണ്ണിത്തിട്ടപ്പെടുത്തിയത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളായിരുന്നു ഏറെയും. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള സമരമാണ് തന്‍റെ രീതി എന്ന് പറഞ്ഞ സി രഞ്ജിത്ത് വൈദ്യുതി വകുപ്പ് (Kseb) ജീവനക്കാരുടെ അലംഭാവം തുടരുകയാണെങ്കിൽ വാർഡിലെ കൂടുതൽ പേരുടെ ബിൽ ഇത്തരത്തിൽ നാണയമായി കൊണ്ടുവരുമെന്നും മുന്നറിയിപ്പ് നൽകി.