Idukki: യാത്ര ദുരിതം പേറി ഹൈറേഞ്ച്; ജില്ലയിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകളുടെ താത്‌കാലിക പെർമിറ്റ് അവസാനിച്ചു
🎬 Watch Now: Feature Video
ഇടുക്കി: ജില്ലയിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകളുടെ താത്‌കാലിക പെർമിറ്റ് അവസാനിച്ചതോടെ ഹൈറേഞ്ച് യാത്ര ദുരിതത്തിലേക്ക്. അനധികൃത ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾക്കെതിരെ ജില്ലയിൽ പരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തിൽ കേസ് ചാർജ് ചെയ്യേണ്ടെന്നും ദീർഘദൂര സർവീസുകൾ നടത്തുന്ന 32 ബസുകള്‍ക്ക് നോട്ടിസ് നൽകുവാനും നിർദേശമുണ്ട്.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് പരിശോധനകൾ ആരംഭിച്ചത്. അനധികൃതമായി ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുവാനാണ് ജില്ല ആർടിഒയുടെ നിർദേശം. എന്നാൽ, ആദ്യഘട്ടത്തിൽ കേസ് ചാർജ് ചെയ്യേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം ലഭിച്ചിട്ടുണ്ട്.
32 ബസുകളാണ് ജില്ലയിൽ ദീർഘദൂര സർവീസുകൾ നടത്തുന്നത്. ഈ ബസുകൾക്കെല്ലാം പ്രാഥമികമായി നോട്ടിസ് നൽകുവാനാണ് നിർദേശം. ഇതനുസരിച്ചുള്ള നടപടിക്രമങ്ങൾ ജില്ലയിൽ പുരോഗമിച്ചു വരികയാണെന്ന് ഇടുക്കി ജില്ല ആർടിഒ ആർ രമണൻ പറഞ്ഞു.
ഭീഷണിയായത് ഹൈറേഞ്ചിലെ ഉള്‍നാടന്‍ ഗതാഗത സംവിധാനത്തിന്: ഗതാഗത വകുപ്പിന്‍റെ പുതിയ തീരുമാനപ്രകാരം ഹൈറേഞ്ചിലെ ഉൾനാടൻ ഗതാഗത സംവിധാനം നിലയ്‌ക്കുമെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു അവസ്ഥ തുടരുകയെങ്കില്‍ ജനം പെരുവഴിയിലാകും. പുതിയ ഉത്തരവിലൂടെ ബസ് സർവീസുകൾ പ്രധാന ടൗണുകളിലേക്ക് ഒതുക്കപ്പെടും. ഇതോടെ യാത്രയ്ക്ക് സാധാരണ ജനങ്ങൾക്ക് ടൗണുകളിലേക്ക് ടാക്‌സി സർവീസുകളെയും മറ്റും ആശ്രയിക്കേണ്ടി വരുന്നതിനാൽ വൻ സാമ്പത്തിക ബാധ്യതയുണ്ടാകും.
നേരത്തേ ടേക്ക് ഓവർ പദ്ധതി പ്രകാരം സ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത ഫാസ്‌റ്റ്, സൂപ്പർ ഫാസ്റ്റ് പെർമിറ്റുകളുടെ പോലും കാലാവധി അവസാനിച്ചിരുന്നു. കെഎസ്ആർടിസി കൃത്യമായി സർവീസ് നടത്താതെ രാത്രികാല സർവീസുകൾ പോലും പെരുവഴിയിലാണ്.
ഹൈറേഞ്ചിലെ ഗ്രാമീണ മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് ദീർഘദൂര സർവീസുകളിൽ മോട്ടോർ വാഹന വകുപ്പ് കൈകൊണ്ടിട്ടുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.
വിദ്യാഭ്യാസത്തിനും ഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപെടെ തുറന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് കൂടി ഇല്ലെങ്കിൽ വിദ്യാർഥികളുടെ വിദ്യാഭ്യാസം തന്നെ മുടങ്ങുന്ന സാഹചര്യം സൃഷ്‌ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മുൻപ് ഹൈറേഞ്ചിലെ റോഡുകളുടെ അപര്യാപ്‌തത ഉണ്ടായിരുന്ന കാലത്ത് പോലും ദീർഘദൂര സ്വകാര്യ ബസുകളെയാണ് യാത്രക്കാർ ആശ്രയിച്ചിരുന്നത്. ഫാസ്‌റ്റ്, സൂപ്പർ ഫാസ്‌റ്റ് ബസുകൾ കെഎസ്ആർടിസി ഏറ്റെടുക്കുന്നതിന് മുൻപ് കോട്ടയം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും കുമളിക്കും, നെടുങ്കണ്ടത്തിനും, മൂന്നാറിനും രാത്രി കാലങ്ങളിൽ വരെ യഥേഷ്‌ടം സർവീസ് നടത്തിയിരുന്നു.
ഈ റൂട്ടുകൾ ഏറ്റെടുത്ത കെഎസ്ആർടിസി അതിന്‍റെ പകുതി സർവീസ് പോലും ഇപ്പോൾ നടത്തുന്നില്ല എന്നിരിക്കെയാണ് പുതിയ നടപടി സ്വീകരിക്കുന്നത്. അയൽ ജില്ലകളിൽ ജോലി ചെയ്യുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ഹോസ്‌റ്റലുകളിൽ നിന്ന് പഠനം നടത്തുന്ന വിദ്യാർഥികൾ എന്നിവർ അവധി ദിവസങ്ങളിലും, ആഴ്‌ചയവസാനവും വീടുകളിൽ എത്തി പിന്നീട് പുലർച്ചെ ഈ സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഇത്തരം സാഹചര്യങ്ങളിലാണ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്.
വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്ത് വരുന്നതോടുകൂടി ഇടുക്കിയില്‍ പ്രതിഷേധം ശക്തമാകാനാണ് സാധ്യത.