Stray Dog Attack video| നടന്നുപോയ ആളുടെ കാലില്‍ കടിച്ച് തെരുവുനായ, സംഭവം രാവിലെ കാസർകോട് ടൗണില്‍

By

Published : Jun 14, 2023, 1:47 PM IST

thumbnail

കാസർകോട്: തെരുവുനായ ആക്രമണത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് പരിക്ക്. ഇന്ന് (14.06.2023) രാവിലെ കാസർകോട് ടൗണിലാണ് സംഭവം. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി ഗണേശന്‍റെ കാലിനാണ് നായ കടിച്ചത്. നായ ഇയാളെ ആക്രമിക്കുന്നതിന്‍റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.  

സാരമായി പരിക്കേറ്റ ഗണേശൻ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. നാലു മാസമായി ചൂല് വില്‍പനയുമായി ഗണേശൻ കാസർകോട് ഉണ്ടായിരുന്നു. തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും ജില്ലയിലെ അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രം ഒരു വർഷമായി പ്രവർത്തിക്കാത്ത അവസ്ഥയാണെന്ന് ആക്ഷേപമുണ്ട്. 

ജില്ല പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് എബിസി കേന്ദ്രത്തിന്റെ പ്രവർത്തനം. കഴിഞ്ഞ  ഏപ്രിൽ, മെയ് മാസങ്ങളിൽ 146 നായ്ക്കളിൽ വന്ധ്യംകരണം നടത്തിയിരുന്നു. കേന്ദ്ര ജന്തുക്ഷേമ ബോർഡിന്‍റെ മാനദണ്ഡം പാലിക്കാൻ കഴിയാത്തതാണ് കേന്ദ്രം അടച്ചിടാൻ ഇടയാക്കിയത്. ജില്ല ആസ്ഥാനത്ത് ഉൾപ്പെടെ ബസ് സ്റ്റാൻഡുകളിൽ നായ ശല്യം രൂക്ഷമാണ്. ഇടവഴികൾ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ് എന്നും ആക്ഷേപം ഉണ്ട്.  

വിദ്യാലയങ്ങളിലേക്ക് നടന്നു പോകുന്ന കുട്ടികളും തെരുവുനായ ഭീതിയിലാണ്. എബിസി കേന്ദ്രത്തിന്‍റെ പ്രവർത്തനം നവീകരിച്ചും നടപടികൾ കർശനമാക്കിയും തെരുവുനായ്ക്കകളിൽ നിന്നു രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം കാസര്‍കോട് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.  

വീട്ടുവരാന്തയില്‍ കളിക്കുകയായിരുന്ന പെര്‍ള കുതുവയിലെ രണ്ടര വയസുകാരി മറിയം താലിയ, ബദിയഡുക്ക ഉക്കിനടുക്കയിലെ ഏഴ് വയസുകാരി ഐസ ഫാത്തിമ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ടൂഷ്യന്‍ കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ഫാത്തിമയെ തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തില്‍ കുട്ടികള്‍ക്ക് അരയ്ക്കും കാലിനും പരിക്കേറ്റിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.