തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളമില്ല; മുടങ്ങിയത് 25ഓളം ശസ്‌ത്രക്രിയകള്‍
🎬 Watch Now: Feature Video
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്‌ത്രക്രിയകൾ മുടങ്ങി. രാവിലെ നിശ്ചയിച്ചിരുന്ന 25 ഓളം ശസ്‌ത്രക്രിയകളാണ് നടത്താൻ കഴിയാതെ വന്നത്. ആശുപത്രിയിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ ജലവിതരണ ശൃംഖലയിൽ നിന്നും വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ജലക്ഷാമം.
കഴിഞ്ഞ ദിവസം പമ്പിങ് സ്റ്റേഷനിലെ വൈദ്യുത തകരാർ മൂലം ജലവിതരണം മുടങ്ങും എന്ന് അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ ഇതനുസരിച്ചുള്ള സംവിധാനം ഒരുക്കുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്‌ച വന്നതിനെ തുടർന്നാണ് പ്രശ്‌നം രൂക്ഷമായത്. ടാങ്കറുകളിൽ വെള്ളം എത്തിച്ച് അടിയന്തര ശസ്‌ത്രക്രിയകൾ നടത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൂടുതൽ ടാങ്കറുകളിൽ വെള്ളം എത്തിച്ച് മുഴുവൻ ശസ്‌ത്രക്രിയകളും നടത്തുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ആശുപത്രി വാർഡുകളിലും വെള്ളം മുടങ്ങുന്നത് പതിവാണെന്ന് രോഗികൾ പറയുന്നു. ഒരാഴ്‌ചയിൽ അധികാരമായി വാർഡുകളിൽ പലപ്പോഴും വെള്ളം എത്താറില്ല. ആയിരക്കണക്കിന് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും എത്തുന്ന നഗര ഹൃദയത്തിലെ ആശുപത്രിയിലാണ് ഈ ദുരവസ്ഥ. ചികിത്സയിൽ കഴിയുന്ന രോഗികളെ വീൽചെയറിൽ പ്രാഥമിക ആവശ്യത്തിന് എത്തിക്കുമ്പോഴാണ് വെള്ളമില്ല എന്ന വിവരം ലഭിക്കുന്നത്. തുടർന്ന് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ അടക്കം വെള്ളം പുറത്തുനിന്ന് വില കൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ് സാധാരണക്കാരായ രോഗികൾ.
പതിവായി ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടും ആശുപത്രി അധികൃതർ വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണുന്നില്ലെന്നും രോഗികൾ ആരോപിക്കുന്നു. നിലവിൽ ആശുപത്രിയിലെ കാന്‍റീന്‍ അടക്കം ടാങ്കറുകളിൽ വെള്ളം എത്തിച്ചാണ് പ്രവർത്തിക്കുന്നത്. കൂടുതൽ ടാങ്കറുകളിൽ ആശുപത്രിയിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചതായി വാട്ടർ അതോറിറ്റി അറിയിച്ചു.