തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി
🎬 Watch Now: Feature Video
തൃശൂർ: തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മണിപ്പൂര്‍ വിഷയത്തില്‍ താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതല്ല. ലേഖനത്തിന് പിന്നിലെ രാഷ്‌ട്രീയം നിങ്ങള്‍ അന്വേഷിക്കണം. സഭയ്‌ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'മറക്കില്ല മണിപ്പൂർ' എന്ന തലക്കെട്ടിലാണ് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സുരേഷ് ഗോപിയേയും കടന്നാക്രമിച്ചുകൊണ്ട് തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. 'അങ്ങ് മണിപ്പൂരിലും യുപിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിടെ ആണുങ്ങളുണ്ട്' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്‌താവന. ഈ ലേഖനത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ പ്രതികരണം. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ 'ആണുങ്ങൾ' എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്നും ലേഖനത്തിൽ ചോദ്യമുണ്ട്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നും ലേഖനത്തില്‍ സുരേഷ് ഗോപിയെ പരിഹസിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു മുൻപ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും, മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണെന്നും 'കത്തോലിക്കാ സഭയിലൂടെ' അതിരൂപത മുന്നറിയിപ്പ് നൽകിയിരുന്നു.