300ല്‍ അധികം ഗ്രാമഫോണുകള്‍, ഒരുലക്ഷത്തില്‍പരം ഡിസ്‌കുകള്‍ ; വീട്ടില്‍ മ്യൂസിയമൊരുക്കുന്നതില്‍ കലാശിച്ച സണ്ണി മാത്യുവിന്‍റെ അഭിനിവേശം - സണ്ണി മാത്യു
🎬 Watch Now: Feature Video
കോട്ടയം:വിന്‍റേജ് കാലത്തിന്‍റെ ത്രസിപ്പിക്കുന്ന ഓര്‍മകളുടെ തുടിപ്പുകള്‍ പേറുകയാണ് കോട്ടയം ഭരണങ്ങാനം സ്വദേശി സണ്ണി മാത്യുവിന്‍റെ വീട്. പഴയകാല ഗാനങ്ങളും ചരിത്ര നായകരുടെ പ്രസംഗങ്ങളും ഇവിടെ നിന്ന് ഉയര്‍ന്നുകേള്‍ക്കും. സണ്ണിയുടെ ശേഖരത്തില്‍ 300ല്‍ അധികം ഗ്രാമഫോണുകളാണുള്ളത്. ഗ്രാമഫോണ്‍ സംഗീതത്തോട് പ്രിയം ഉണ്ടായിരുന്ന പിതാവ് മത്തായി സമ്മാനിച്ച ഡിസ്‌കുകളോട് തോന്നിയ ഇഷ്‌ടം. സണ്ണിക്കൊപ്പം ആ ഇഷ്‌ടവും വളര്‍ന്നു. ഇക്കാണുന്ന ഗ്രാമഫോണുകളൊക്കെയും സണ്ണി ശേഖരിച്ചതാണ്. ഒന്നില്‍ തുടങ്ങി, പത്തായി, നൂറായി.ഒടുവില്‍ 300ല്‍ അധികം അപൂര്‍വ ഗ്രാമഫോണുകള്‍ സണ്ണി സ്വന്തമാക്കി. ഒപ്പം ഒരു ലക്ഷത്തില്‍ അധികം ഡിസ്‌കുകളും. 1896 ലെ റബർ റെക്കോർഡുകൾ മുതൽ 1902ൽ സോഷിമുഖി എന്ന പതിനാലുകാരിയുടെ ശബ്‌ദം പതിഞ്ഞ ഇന്ത്യയിലെ ആദ്യ റെക്കോർഡിങ് വരെ ഇക്കൂട്ടത്തിലുണ്ട്. ഗ്രാമഫോണിനോടുള്ള പ്രണയത്താല്‍ സണ്ണി വീടിനോട് ചേര്‍ന്ന് ഒരു മ്യൂസിയം തന്നെയുണ്ടാക്കി. 'സണ്ണീസ് ഗ്രാമഫോണ്‍ മ്യൂസിയം' എന്ന് അതിന് പേരുമിട്ടു. പോകെപ്പോകെ സണ്ണിയുടെ ഗ്രാമഫോണ്‍ പ്രിയം കോട്ടയവും, കേരളവും കടന്ന് രാജ്യാന്തര തലത്തില്‍ വരെയെത്തി. സണ്ണീസ് ഗ്രാമഫോണ്‍ മ്യൂസിയം കാണാന്‍ വിദേശത്തുനിന്നടക്കം ആളുകള്‍ എത്തുന്നു. ഇവിടെ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികളുടെ അത്യപൂർവ റെക്കോർഡിങ്ങുകളുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ടേപ്പ് റെക്കോര്‍ഡറുകള്‍, ഫിലിം പ്രൊജക്‌ടറുകള്‍, വീണ, വയലിന്‍, ഹാര്‍മോണിയം, വിന്‍റേജ് വാഹനങ്ങള്‍ എന്നിവയും സണ്ണി ശേഖരിച്ചിട്ടുണ്ട്. വനവികസന കോർപറേഷൻ ഡിവിഷണൽ മാനേജർ ആയിരുന്ന സണ്ണിയ്‌ക്ക് പിന്തുണയുമായി ഭാര്യ ജോസിയയും കൂടെയുണ്ട്.