Stray Dog Attack | ഇടുക്കിയിൽ വീണ്ടും തെരുവുനായ ആക്രമണം, രാജകുമാരിയില്‍ 3 പേര്‍ക്ക് കടിയേറ്റു - ഇടുക്കി വാർത്തകൾ
🎬 Watch Now: Feature Video
ഇടുക്കി : രാജകുമാരിയില്‍ തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്. ഉടുമ്പന്‍ചോല സ്വദേശിയായ 11വയസുകാരന്‍ ദര്‍ശന്‍, കുളപ്പാറച്ചാല്‍ തേവര്‍കാട്ട് കുര്യന്‍, രാജകുമാരി അറയ്‌ക്കക്കുടിയില്‍ ജെയിംസ് മാത്യു എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ദര്‍ശനെ രാവിലെ ഒൻപത് മണിയോടുകൂടി രാജകുമാരി ടൗണില്‍ വച്ചും കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്ത് വച്ചും ജെയിംസിനെ 11.30 ഓടെ അയാളുടെ വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ ആക്രമിച്ചത്. മൂവരേയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷയും ഐ ഡി ആര്‍ ബി വാക്‌സിനും നല്‍കി. തുടർന്ന് ഇമ്മ്യൂണോ ഗ്ലോബുലൈന്‍ വാക്‌സിന്‍ നല്‍കുന്നതിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റവർക്ക് ചികിത്സാസഹായം നൽകുമെന്നും ആക്രമണകാരികളായ തെരുവ് നായ്‌ക്കളെ പിടികൂടി ഷെൽട്ടറിൽ അടക്കുവാനുള്ള നടപടി സ്വീകരിച്ചതായും ഇതിനായി പരിശീലനം നേടിയ രണ്ട് പേരെ നിയമിച്ചതായും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. അതേസമയം ജില്ലയില്‍ രാത്രിയോ പകലെന്നോ ഇല്ലാതെ തെരുവ് നായ്‌ക്കള്‍ ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുമ്പോൾ നായ്‌ക്കളുടെ ആക്രമണം തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തതില്‍ പൊതുജന പ്രതിഷേധം ശക്തമാവുകയാണ്.