ട്രെയിനിന് തീവെച്ച പ്രതിയെ കുറിച്ച് നിർണായക സൂചന: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി പൊലീസ് മേധാവി - അനിൽകാന്ത്
🎬 Watch Now: Feature Video
കണ്ണൂര്‍: ട്രെയിൻ തീവെപ്പ് കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പ്രതിയെ കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായും ഡിജിപി കണ്ണൂരിൽ പറഞ്ഞു.
അതിനിടെ ട്രെയിൻ തീവെപ്പ് കേസില്‍ പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയതായുള്ള സൂചനയും പൊലീസിന് ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ റെയിൽവേ പൊലീസ്, കേരള പൊലീസ് എന്നിവർ ജില്ല ആശുപത്രിയിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ളവ ഇവര്‍ പരിശോധിച്ചു. ഇന്നലെ രാത്രി 12.15 മണിയോടെയാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂർ ടൗൺ സിഐ വിനുമോഹന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നുവരുന്നത്.
അതേസമയം ഇന്നലെ രാത്രിയാണ് ഓടുന്ന ട്രെയിനിൽ അജ്ഞാതന്‍ സഹയാത്രികരുടെ മേൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയത്. കോഴിക്കോട് എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ വച്ചായിരുന്നു സംഭവം. ട്രെയിനിലെ ഡി-1 കമ്പാര്‍ട്ട്മെന്‍റിലെത്തിയ അക്രമി യാതൊരു പ്രകോപനവും ഇല്ലാതെ സഹയാത്രികരുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.