Golden Temple| ക്ഷേത്ര ഗോപുരം തനിത്തങ്കം, ശക്തി ഗണപതിക്ക് സൈമോഫെയ്ൻ കല്ല് പതിച്ച സ്വർണ കിരീടം; ശ്രദ്ധേയമായി വെല്ലൂരിലെ സുവർണക്ഷേത്രം - വെല്ലൂര്‍
🎬 Watch Now: Feature Video
വെല്ലൂര്‍ (തമിഴ്‌നാട്): ശ്രദ്ധേയമായി വെല്ലൂർ നഗരത്തിലെ മലക്കൊടിയിലെ ലോകപ്രശസ്‌തമായ ശ്രീപുരം സുവർണക്ഷേത്രം. മഹാലക്ഷ്മിക്ക് വേണ്ടി പണികഴിപ്പിച്ച ഈ ക്ഷേത്രം പൂര്‍ണമായും സ്വർണം പൂശിയതാണ്. തങ്കക്കോവിൽ ശ്രീനാരായണി കോംപ്ലക്സിൽ വച്ച് 1,700 കിലോഗ്രാം ഭാരമുള്ള ശ്രീ ശക്തി ഗണപതിയുടെ വിഗ്രഹം രൂപകല്പന ചെയ്ത് 2021ല്‍ ക്ഷേത്രത്തിൽ സ്ഥാപിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്‌ച (28.07.2023) 880 കാരറ്റ് ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലായ സൈമോഫെയ്ൻ കല്ല് പതിച്ച സ്വർണ കിരീടം ശ്രീ ശക്തി ഗണപതിയെ അണിയിച്ചത്. ക്ഷേത്ര സ്ഥാപകയായ ശക്തിഅമ്മയാണ് ശ്രീ ശക്തി ഗണപതിയെ കിരീടമണിയിച്ചത്. പാപങ്ങളിൽ നിന്ന് മുക്തി നേടാനും മനഃശാന്തി നൽകാനും ആരോഗ്യത്തോടെ ജീവിക്കാനുമാണ് ഈ ചടങ്ങ് നടത്തിയതെന്ന് ക്ഷേത്ര ഭരണസമിതിയും അറിയിച്ചു. അതേസമയം ശക്തി ഗണപതിയെ അണിയിച്ച കിരീടത്തിന് എട്ട് കോടിയോളം രൂപ വിലമതിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നവഗ്രഹങ്ങളുടെ ഭാവമായ നവരത്നങ്ങളിൽ ഒന്നായ സൈമോഫെയ്ൻ കേതുവിന്‍റെ ശക്തിയെ പ്രകടമാക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. നക്ഷത്രാകൃതിയിലുള്ള ഈ ക്ഷേത്രത്തില്‍ തിരുപ്പതി തിരുമല ദേവസ്ഥാനത്ത് നിന്ന് കൊണ്ടുവന്ന സ്വർണപ്പണിക്കാരാണ് ക്ഷേത്രത്തിന്‍റെ മധ്യഭാഗത്തെ ഗോപുരം സ്വർണം കൊണ്ട് നിർമിച്ചിരിക്കുന്നത്. മാത്രമല്ല, ഈ ക്ഷേത്രം നിർമിക്കാൻ 600 കോടി രൂപ ചെലവഴിച്ചതായി പറയപ്പെടുന്നു. ഇതിനായി 1500 കിലോഗ്രാം സ്വർണമാണ് ഉപയോഗിച്ചതെന്നും 55,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് സുവർണക്ഷേത്രം നിർമിച്ചതെന്നുമാണ് വിവരം. മാത്രമല്ല സുവർണ ക്ഷേത്രത്തിനു ചുറ്റും 10 അടി വീതിയിൽ വെള്ളം നിറച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രവേശിച്ചാല്‍ മുന്നിലായി കൃത്രിമ ജലസ്രോതസുകളുള്ള ഒരു പ്രത്യേക ഹാളുണ്ട്. ഹാളിന് പിറകിലായി മനുഷ്യനില്‍ നിന്നും ദൈവത്തിലേക്കുള്ള 18 ഗുണങ്ങളെ വ്യക്തമാക്കുന്ന 18 പ്രവേശന കവാടങ്ങളുണ്ട്.