Spit On Devotes | മഹാകലേശ്വര്‍ ഘോഷയാത്രയ്‌ക്കിടെ ഭക്തര്‍ക്ക് നേരെ തുപ്പി, മധ്യപ്രദേശില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍
🎬 Watch Now: Feature Video
ഭോപ്പാല്‍ : ഘോഷയാത്രയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഭക്തര്‍ക്ക് നേരെ തുപ്പിയ മൂന്ന് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. മധ്യപ്രദേശ് ഉജ്ജയിനിലാണ് സംഭവം. യുവാക്കള്‍ ഭക്തര്‍ക്ക് നേരെ തുപ്പുന്നതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെടുകയും സംഭവത്തില്‍ പ്രതിഷേധം ഉയരുകയും ചെയ്‌തതിന് പിന്നാലെയാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് ഉജ്ജയിന്‍ മഹാകലേശ്വര്‍ ക്ഷേത്രത്തിലെ രണ്ടാം ശ്രാവണ്‍ സോമവാര്‍ (Sawan Somvar) ആഘോഷത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്ര നടന്നത്. ധബ്രോഡിലൂടെ (Dhabrod) ഗോപാലക്ഷേത്രത്തിലേക്കായിരുന്നു ഘോഷയാത്ര. ഇതിനൊപ്പം നിരവധി ഭക്തജനങ്ങളുമുണ്ടായിരുന്നു.ധബ്രോഡിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോള്‍ പ്രദേശത്തെ കെട്ടിടത്തിന് മുകളില്‍ നിന്നിരുന്ന ആളുകളില്‍ ചിലര്‍ ഭക്തര്‍ക്ക് നേരെ തുപ്പുകയായിരുന്നു. ഘോഷയാത്രയില്‍ പങ്കെടുത്തിരുന്ന ഭക്തരും മറ്റ് ആളുകളും ചേര്‍ന്ന് ഇവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കിടുകയുമുണ്ടായി.വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ഖരാകുവ (Kharakua) പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍പ്പേര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തി, കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് പിടിയിലാവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് ബജ്‌റംഗ്‌ദള്‍ ജില്ലാനേതാക്കള്‍ അറിയിച്ചു.