സബ് ഇൻസ്‌പെക്‌ടറെ മദ്യപസംഘം മർദിച്ച സംഭവം; പ്രതികൾ റിമാൻഡിൽ - police attack
🎬 Watch Now: Feature Video
കണ്ണൂർ: അത്താഴക്കുന്നിൽ സബ് ഇൻസ്‌പെക്‌ടറെ മദ്യപസംഘം മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്‌ത പ്രതികളെ റിമാൻഡ് ചെയ്‌തു. ഇന്നലെ വൈകിട്ട് (ഓഗസ്റ്റ് 13 ) ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സമൂഹ വിരുദ്ധരുടെ കഞ്ചാവ്-ലഹരി ഉപയോഗത്താൽ പൊറുതിമുട്ടിയ നാട്ടുകാരുടെ പരാതിപ്രകാരം പരിശോധനയ്‌ക്ക് എത്തിയതായിരുന്നു പൊലീസ് സംഘം. അത്താഴക്കുന്ന് കല്ലുകെട്ടുചിറയിൻ മദ്യപസംഘത്തിന്‍റെ ശല്യം വർധിച്ചുവരുന്നതായാണ് നാട്ടുകാരുടെ പരാതി. കല്ലുകെട്ടുചിറക്ക് സമീപമുള്ള ഒരു ക്ലബിൽ ഏഴംഗസംഘം മദ്യപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട പൊലീസ് ക്ലബിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതോടെ രോഷാകുലരായ മദ്യപസംഘം പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് സബ് ഇൻസ്‌പെക്‌ടറെ ക്ലബിനകത്ത് പൂട്ടിയിട്ട് മർദിക്കുകയായിരുന്നു. കണ്ണൂർ ടൗൺ എസ്.ഐ. സി.എച്ച്. നസീബിനാണ് മർദനമേറ്റത്. ബഹളംകേട്ട് പുറത്തുനിന്ന് ഓടിയെത്തിയ പൊലീസുകാരാണ് വാതിൽ ചവിട്ടിത്തുറന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളായ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശികളായ ‘കൃഷ്‌ണകൃപാ നിവാസി’ൽ ടി. അഭയ് (22), ‘ഗീതാലയ’ത്തിൽ കെ. അഖിലേഷ് (26), വള്ളുവക്കണ്ടി പി.എം. അൻസർ (21) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തോളിന് പരിക്കേറ്റ ഉദ്യോഗസ്ഥനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.