സർക്കാർ കേരളീയം പോലുള്ള അനാവശ്യ ചെലവുകൾ നിർത്തണം, വരുമാനത്തിനുള്ള മാർഗങ്ങൾ സൃഷ്‌ടിക്കണം : ശശി തരൂർ - Shashi Tharoor On Book Release
🎬 Watch Now: Feature Video
Published : Nov 7, 2023, 9:22 PM IST
തിരുവനന്തപുരം : തൊഴിലില്ലായ്‌മ കൂടുമ്പോൾ കേരള മോഡൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് ശശി തരൂർ എം പി (Shashi Tharoor). സാമ്പത്തിക വിദഗ്‌ധയായ ഡോ. മേരി ജോർജ് എഴുതിയ 'കേരള സമ്പദ്‌ഘടന : നിഴലും വെളിച്ചവും' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എപ്പോഴും കടം വാങ്ങാനുള്ള പരിധി കൂട്ടി ചോദിക്കുകയാണെന്നും എന്നാൽ വരുമാനത്തിനുള്ള മാർഗങ്ങള്‍ സൃഷ്‌ടിക്കണമെന്നും ഇപ്പോൾ സംസ്ഥാനം എടുക്കുന്ന കടത്തിന്‍റെ ക്ഷീണം അനുഭവിക്കാൻ പോകുന്നത് ഭാവി തലമുറയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുമാനം വർധിപ്പിക്കുന്നതോടൊപ്പം കേരളീയം പോലുള്ള അനാവശ്യ ചെലവുകള്‍ സർക്കാർ നിര്‍ത്തണം. ഇത്തരത്തിലുള്ള പരിപാടികളെല്ലാം സർക്കാർ ചെലവിൽ തന്നെ നടത്തണം എന്ന് വാശി പിടിക്കരുത്. ഹർത്താലുകൾ ഒഴിവാക്കി വ്യവസായങ്ങൾ സംരക്ഷിക്കപ്പെടണം. പുറത്തേക്ക് വ്യവസായങ്ങൾ പോകുന്നത് തടയണം. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ എത്തിയാൽ മാത്രമേ കടക്കെണിയിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശിനി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്‌തകം തിരുവനന്തപുരം ഇന്ദിരാഭവനിൽ പ്രൊഫസർ ഡോ. കെ പി കണ്ണന് നൽകിയാണ് പ്രകാശനം ചെയ്‌തത്. ഇടതുപക്ഷത്തിന്‍റെ പല വാദമുഖങ്ങളേയും ഖണ്ഡിച്ച്, കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഒരു നാള്‍കൊണ്ട് ഉണ്ടായതല്ലെന്നും കാലാകാലങ്ങളായി ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചുപോരുന്ന തെറ്റായ സാമ്പത്തിക നയം കൊണ്ട് ഉരുത്തിരിഞ്ഞ് വന്നതാണെന്നും ഡോ.മേരി ജോര്‍ജ് ഈ പുസ്‌തകത്തിലൂടെ വിശദമാക്കുന്നു.