അർധരാത്രി നാടകം, പൊട്ടിക്കരഞ്ഞ് തളർന്ന് വീണ് മന്ത്രി: ആശുപത്രിയിലേക്ക് ഓടിയെത്തി ഉദയനിധിയും മന്ത്രിമാരും - സെന്തില്‍ ബാലാജി
🎬 Watch Now: Feature Video
ചെന്നൈ: ഇന്നലെ (13.06.23) രാവിലെ മുതല്‍ തമിഴ്‌നാട് സെക്രട്ടേറിയറ്റിലും വൈദ്യുതി വകുപ്പ് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും സ്വന്തം നാടായ കരൂരിലെ വീട്ടിലും അടക്കം ആറിടങ്ങളില്‍ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ റെയ്‌ഡ് നടന്നിരുന്നു. അതിനൊപ്പം മന്ത്രിയെ ചോദ്യം ചെയ്യാനും ആരംഭിച്ചു. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ഇന്ന് (14.06.23) പുലർച്ചെ 3.30യോടെ സ്റ്റാലിൻ മന്ത്രിസഭയിലെ വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജി നെഞ്ച് വേദനയെ തുടർന്ന് തളർന്ന് വീണ് നെഞ്ചില്‍ കൈവച്ച് പൊട്ടിക്കരയുന്നതിന്‍റെയും എൻഫോഴ്‌മെന്‍റ് ഉദ്യോഗസ്ഥർ തന്നെ മന്ത്രിയെ ചെന്നൈ ഒമൻഡുരാർ സർക്കാർ ആശുപത്രിയിലെത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
മന്ത്രിയുടെ വീടിന് മുന്നില്‍ മണിക്കൂറുകളോളം കാത്തു നിന്ന ചാനല്‍ കാമറകൾക്ക് മുന്നിലൂടെയാണ് ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ മന്ത്രിയുമായി ആശുപത്രിയിലേക്ക് പോയത്. ഒമൻഡുരാർ സർക്കാർ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലുള്ള സെന്തില്‍ ബാലാജിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ടുകൾ.
ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ചെന്നൈ ഒമൻഡുരാർ സർക്കാർ ആശുപത്രിയിലും പരിസരത്തും വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എഐഎഡിഎംകെ സർക്കാരില്‍ ട്രാൻസ്‌പോർട്ട് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്തു എന്ന കേസില്‍ അടക്കമാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ചോദ്യം ചെയ്യല്‍.
മന്ത്രിമാർ ആശുപത്രിയില്‍: സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഡിഎംകെ മന്ത്രിസഭയിലെ പ്രമുഖർ പുലർച്ചെ തന്നെ സെന്തില്‍ ബാലാജിയെ സന്ദർശിച്ചു. സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, എം സുബ്രഹ്മണ്യൻ, ഇവി വേലു, ശേഖർ ബാബു എന്നിവരാണ് സെന്തില്‍ ബാലാജിയെ ആശുപത്രിയിലെത്തി കണ്ടത്. സെന്തില്‍ ബാലാജിയെ ശാരീരികമായും മാനസികമായും ഇൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനെ തുടർന്ന് കനത്ത നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജി തളർന്ന് വീഴുകയായിരുന്നു എന്നും മന്ത്രി ശേഖർ ബാബു മാധ്യമങ്ങളോട് പറഞ്ഞു.