കഠിനാധ്വാനത്തിന്‍റെ 'ആല'യില്‍ വിളക്കിയ 'പത്തരമാറ്റ് നേട്ടം' ; പടിയടച്ചവര്‍ക്ക് മുന്നില്‍ 'വിജയച്ചിരി'യുമായി സായന്ത്

By

Published : May 19, 2023, 10:56 PM IST

thumbnail

കോഴിക്കോട് : ഹൈപ്പർ ആക്‌ടിവിറ്റി വിന്നിങ് ആക്‌ടിവിറ്റിയായി. സായന്ത് എസ്എസ്എൽസി പാസായി, മികച്ച പ്രകടനത്തോടെ. മാതാപിതാക്കളുടെ ആശങ്കയ്ക്ക്‌ വലിയ ഒരു ആശ്വാസം. സുഹൃത്തും ട്യൂഷൻ ടീച്ചറുമായ പ്രഭിൻ പ്രഭാകറിന് ഇത് അഭിമാന നിമിഷം. എന്നാൽ സായന്ത് പഠിച്ച കൊയിലാണ്ടി മാപ്പിള ഹൈസ്‌കൂളിനെ കുറിച്ച് രൂക്ഷമായ ഭാഷയിലാണ് ഇവരെല്ലാം പ്രതികരിച്ചത്. 

എഴുതിത്തള്ളിയവരോട് 'വിജയ'പ്രതികാരം : ഒരു പ്രത്യേക കഴിവുള്ള കുട്ടിയെ അധ്യാപകർ എഴുതി തള്ളിയെന്ന് മാതാപിതാക്കളായ ശ്രീധരനും ഗീതയും പ്രഭിനും ഒരേ സ്വരത്തിൽ പറയുന്നു. കേണപേക്ഷിച്ചിട്ടുപോലും സായന്തിനെ പഠിപ്പിക്കാൻ അവർ തയ്യാറായില്ല. നൈറ്റ് ക്ലാസിൽ പങ്കെടുപ്പിക്കാനായി 3000 രൂപ കൊടുത്തിട്ടും മകനെ തഴഞ്ഞു. ഒരു സർക്കാർ വിദ്യാലയത്തിലെ ആദ്യ അനുഭവമാണിത്.

'കടലോരത്തെ കുട്ടികളൊക്കെ അത്രയ്ക്ക്‌ പഠിച്ചാൽ മതി, നാളെ ഗൾഫിൽ പോയി അറബിയെ പറ്റിച്ച് അവർ പണക്കാരാകും' ഈ നിലപാടാണ് ചില അധ്യാപകർക്കുള്ളതെന്ന് സായന്തിൻ്റെ അമ്മ ഗീത പറഞ്ഞു. ആ ഗണത്തിൽ സായന്തിനേയും ഉൾപ്പെടുത്തി. ഒടുവിൽ ഇത് ചോദ്യം ചെയ്തപ്പോൾ മകനെ ലഹരി ഉപയോഗിക്കുന്നവരുടെ ഗണത്തിലേക്ക് വലിച്ചിഴയ്ക്കാ‌ൻ ശ്രമിച്ചെന്നും ഗീത പറയുന്നു. 

പ്രധാന പരീക്ഷ നടക്കുന്ന സമയത്താണ് അധ്യാപകർ വീട്ടിലെത്തിയത്. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് മുടക്കുകയായിരുന്നു ലക്ഷ്യമെന്നും അവർ ആരോപിക്കുന്നു. ശാസ്ത്രമേളയിലെ സായന്തിൻ്റെ രണ്ടാം സ്ഥാനം കിട്ടിയപ്പോൾ സ്‌കൂൾ അത് ആഘോഷിച്ചു. ടീച്ചർമാരടക്കം മകനെ കൊണ്ട് കത്തിയും കൊടുവാളും പണികഴിപ്പിച്ചു. അവസാന നിമിഷമായപ്പോൾ കൈയൊഴിഞ്ഞു. പാരലൽ കോളജ് അധ്യാപകനായ പ്രഭിൻ പ്രഭാകറിൻ്റെ പ്രവർത്തന ഫലമാണ് ഈ വിജയമെന്നും കുടുംബം പറഞ്ഞു.

സ്വയംനിര്‍മിത എഞ്ചിനീയര്‍ : ഏത് പ്രവർത്തിയിലും അമിതാവേശവും അതിബുദ്ധിയും പ്രകടിപ്പിച്ച സായന്തിൻ്റെ കഴിവുകൾ ഇടിവി ഭാരതാണ് പുറംലോകത്തെ അറിയിച്ചത്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഗതി മാറ്റി വിജയം കൈവരിക്കുന്ന ഒരു പ്രത്യേക രീതിയായിരുന്നു അത്. രണ്ടാം ക്ലാസ് മുതൽ സൈക്കിളിലായിരുന്നു യാത്ര. അത് ചവിട്ടി മടുത്തപ്പോൾ ഇലക്ട്രിക്ക് സൈക്കിളിനെ കുറിച്ച് ചിന്തിച്ചു. പതിനാലാം വയസ്സിൽ. 

അതിനായി സൈക്കിൾ തന്നെ മാറ്റിപ്പണിഞ്ഞു, സ്വന്തമായി വെൽഡ് ചെയ്ത് കാലുവയ്ക്കാന്‍ രണ്ട് തണ്ട് വച്ചു, പെഡൽ ഊരിമാറ്റി, അതിലേക്ക് ബിഎൽഡിസി മോട്ടോറും, ബൈക്കിൻ്റെ ചങ്ങലയും ബാറ്ററിയും സ്വിച്ചുമെല്ലാം ഘടിപ്പിച്ചു. നാല് മണിക്കൂർ ചാർജ് ചെയ്താൽ തൊണ്ണൂറ് കിലോമീറ്റർ വരെ യാത്ര ചെയ്യാം. ശാസ്ത്രമേളയിൽ അവതരിപ്പിച്ച ഈ കണ്ടുപിടുത്തത്തിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സായന്ത്.

കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻ്ററി സ്‌കൂളിലെ പത്താം ക്ലാസുകാരൻ മിക്ക സമയത്തും വീടിന് പിന്നിലെ ആലയിലായിരുന്നു, കൊല്ലപ്പണിയുമായി. അഞ്ച് വർഷം മുമ്പ് വീടുപണിക്ക് വന്ന തൊഴിലാളികൾ ഉപയോഗിച്ച ആയുധങ്ങളിൽ തൊട്ടായിരുന്നു തുടക്കം. അച്ഛനോട് പറഞ്ഞ് പണിയായുധങ്ങൾ ഓരോന്നായി വാങ്ങിപ്പിച്ചു. പിന്നീട് നാട്ടുകാർക്ക് സേവനാടിസ്ഥാനത്തിൽ നായക്കൂടും കോഴിക്കൂടും, കത്തിയും കൊടുവാളുമൊക്കെ പണിത് കൊടുത്തു. 

വെൽഡിങ് മെഷീൻ, ഗ്രൈന്‍ഡര്‍, പ്ലാനർ, ബ്ലോവർ, ഡ്രില്ലിങ് മെഷീൻ, അങ്ങനെ നിറയെ മെഷീനുകളായിരുന്നു അവൻ്റെ കൈമുതൽ. വില്ലേജ് ഓഫിസറായി വിരമിച്ച പന്തലായനി ചെമ്പകശ്ശേരിയില്‍ ശ്രീധരൻ്റേയും ഗീതയുടേയും മകനാണ് പതിനഞ്ചുകാരനായ ജി.എസ് സായന്ത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.