Saudi Airlines Arrangements For Passengers: സൗദി എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ട യാത്രക്കാരെ ഇന്ന് സൗദിയിലെത്തിക്കും - സൗദി എയർലൈൻസ് കൊച്ചി
🎬 Watch Now: Feature Video
Published : Sep 25, 2023, 1:05 PM IST
എറണാകുളം: സൗദി എയർലൈൻസ് വിമാനത്തിന്‍റെ സാങ്കേതിക തകരാറിനെ തുടർന്ന് സൗദിയിലേക്കുള്ള യാത്ര മുടങ്ങിയ യാത്രക്കാർ ഇന്ന് കൊച്ചിയിൽ നിന്നും യാത്ര തിരിക്കും (Saudi Airlines Arrangements For Passengers). ശനിയാഴ്‌ച (സെപ്റ്റംബർ 23) രാത്രി 8.30 ന് പുറപ്പെടേണ്ട സൗദി എയർലൈൻസ് വിമാനം 160 യാത്രക്കാരുമായി രാത്രി 12:30നായിരുന്നു പുറപ്പെട്ടത്. എന്നാൽ ഇതേ വിമാനത്തിൽ യാത്രതിരിക്കേണ്ട 122 പേരെ ഒഴിവാക്കിയായിരുന്നു വിമാനം യാത്ര തിരിച്ചത്. പ്രധാന ഡോറിന്‍റെ തകരാർ കാരണമാണ് അപ്രതീക്ഷിതമായി യാത്രക്കാരുടെ എണ്ണം കുറച്ചതെന്നാണ് വിമാന അധികൃതർ നൽകിയ വിശദീകരണം. ഇതേ തുടർന്ന് 122 യാത്രക്കാരെ എയർപോർട്ടിന് സമീപത്തെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ഇവരിൽ വിസ കാലാവധി ഇന്നലെയും ഇന്നും അവസാനിക്കുന്നവരെയും, കണക്ഷൻ ഫ്ലൈറ്റുകളിൽ യൂറോപ്പിലേക്കും മറ്റും യാത്ര തിരിക്കേണ്ട ഇരുപത്തിയഞ്ച് യാത്രക്കാരെയും ഇന്നലെ മറ്റ് വിമാനങ്ങളിൽ കയറ്റി വിട്ടിരുന്നു. ഇവരിൽ പലർക്കും കണക്ഷൻ ഫ്ലൈറ്റുകൾ കിട്ടാതെ സൗദിയിൽ കുടുങ്ങിയെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. അവശേഷിക്കുന്ന 97 യാത്രക്കാരെ മറ്റ് രണ്ടു വിമാനങ്ങളിലായി ഇന്ന് സൗദിയിലെത്തിക്കും എന്നാണ് അധികൃതർ പറയുന്നത്. അതേ സമയം രണ്ട് ദിവസത്തോളമായി കൊച്ചിയിൽ കുടുങ്ങിയതിൽ യാത്രക്കാർ ശക്തമായ പ്രതിഷേധത്തിലാണ്. പകരം സംവിധാനം ഏർപ്പെടുത്തുന്നതിൽ വിമാന അധികൃതർ പരാജയപ്പെട്ടന്നും തങ്ങൾക്ക് ഉണ്ടായ ദുരനുഭവത്തിന്‍റെ ഉത്തരവാദിത്വം സൗദി എയർലൈൻസിനാണെനും യാത്രക്കാർ കുറ്റപ്പെടുത്തി. തങ്ങൾക്ക് എപ്പോൾ യാത്ര തിരിക്കാൻ കഴിയുമെന്ന് കൃത്യമായ വിവരങ്ങൾ സൗദി എയർലൈൻസ് അധികൃതർ നൽകിയില്ലന്നും ഇവർ ആരോപിച്ചു.