Sathiyamma On Job Controversy : കാലാവധി കഴിഞ്ഞത് ആരും അറിയിച്ചില്ല, സത്യസന്ധമായാണ് ജോലി ചെയ്‌തത് : സതിയമ്മ
🎬 Watch Now: Feature Video
കോട്ടയം: സര്‍ക്കാറിന്‍റെ അറിവോടുകൂടിയാണ് ജോലി ചെയ്‌തിരുന്നതെന്ന് തൊഴില്‍ നഷ്‌ടപ്പെട്ട, പുതുപ്പള്ളി മൃഗാശുപത്രിയിലെ മുന്‍ ജീവനക്കാരി സതിയമ്മ (Sathiyamma on Job controversy). മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ (Former CM Oommen Chandy) പ്രകീർത്തിച്ചതിന് ശേഷമാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നും സതിയമ്മ പറഞ്ഞു. സത്യസന്ധമായാണ് 13 വര്‍ഷം ജോലി ചെയ്‌തത്. തന്‍റെ സേവന കാലാവധി അവസാനിച്ചുവെന്ന് പഞ്ചായത്ത് അധികൃതരോ കുടുംബശ്രീ അധികൃതരോ അറിയിച്ചിരുന്നില്ല. തനിക്കുള്ള ശമ്പളം കുടുംബശ്രീ മുഖേന ചെക്കായി നല്‍കുകയായിരുന്നു. താന്‍ അത് മാറ്റിയെടുക്കുകയുമായിരുന്നുവെന്നും സതിയമ്മ പറഞ്ഞു. 2022 നവംബർ 17ന് മുടങ്ങി കിടന്ന ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന് നല്‍കിയ രേഖയും വേതനം കൈപ്പറ്റിയതിന്‍റെ ബാങ്ക് രേഖകളും അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മൃഗസംരക്ഷണ ഓഫിസർ തന്നെ ഫോണിൽ വിളിച്ച് ജോലിക്ക് വരേണ്ടതില്ലെന്ന് അറിയിച്ചത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആരോപിച്ച സതിയമ്മക്കെതിരെ കഴിഞ്ഞ ശനിയാഴ്‌ച (ഓഗസ്റ്റ് 26) കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വ്യാജ രേഖ ചമച്ച് മൃഗാശുപത്രിയില്‍ ജോലി ചെയ്‌തതായാണ് എഫ്‌ഐആറില്‍ പറയുന്നത്. സതിയമ്മ തനിക്ക് അര്‍ഹതപ്പെട്ട ജോലിയാണ് ആള്‍മാറാട്ടം നടത്തി തട്ടിയെടുത്തതെന്ന് അയല്‍വാസിയായ ലിജി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടി. അതേസമയം സതിയമ്മയെ സിപിഎം (CPM approach on Sathiyamma) വേട്ടയാടുകയാണെന്നും അവർക്ക് കോൺഗ്രസ് പാർട്ടി സംരക്ഷണം നൽകുമെന്നും ഈസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിബി ജോണ്‍ പറഞ്ഞു.