Sardine shoal In Floating Bridge അപൂര്‍വങ്ങളില്‍ അപൂര്‍വമീ കാഴ്‌ച; ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്‌ജിലെ മത്തി ചാകര; വാരിക്കൂട്ടി കാഴ്‌ചക്കാര്‍ - മത്തി ചാകര ചാവക്കാട് ഫ്ളോട്ടിങ് ബ്രിഡ്‌ജ്
🎬 Watch Now: Feature Video
Published : Oct 6, 2023, 5:59 PM IST
തൃശൂര്‍: കരയിലേക്ക് അടിച്ചുകയറുന്ന തിരമാലകള്‍ക്കൊപ്പം തീരത്ത് അടിയുന്ന മത്സ്യ ചാകര സാധാരണ കാഴ്‌ചയാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായിരിക്കുകയാണ് ചാവക്കാട് കടപ്പുറത്ത് നിന്നുള്ള കാഴ്‌ച. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയും വിധം കടലിലേക്കുള്ള ഫ്ലോട്ടിങ് ബ്രിഡ്‌ജിലാണ് ചാള ചാകരയുണ്ടായത് (Sardine shoal In Floating Bridge). ചാവക്കാട് ബീച്ചിൽ പുതുതായി നിര്‍മിച്ച ഫ്ലോട്ടിങ് ബ്രിഡ്‌ജിലാണ് കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കും വിധം ചാകരയെത്തിയത്. തിരമാലകള്‍ക്ക് മുകളിലൂടെ നടന്ന് കടല്‍ കാഴ്‌ചകള്‍ ആസ്വദിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് മത്തി ചാകര കൗതുക കാഴ്‌ചയായി. ജനത്തിരക്കില്ലാത്ത സമയത്താണ് മത്സ്യങ്ങള്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജിലേക്കെത്തിയത്. എന്നാല്‍ ബ്രിഡ്‌ജിലെ മത്തി ചാകരയെ കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ നിരവധി പേരാണ് കാഴ്‌ച കാണാന്‍ തീരത്തെത്തിയത്. കാഴ്‌ച കാണുന്നതിനൊപ്പം കൈയിലുണ്ടായിരുന്ന ബാഗിലും കവറിലും നിറയെ നല്ല പിടയ്‌ക്കുന്ന ചാളയും വാരിക്കൂട്ടിയാണ് പലരും മടങ്ങിയത്. തൃശൂര്‍ ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്‌ജാണിത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനാണ് ബ്രിഡ്‌ജ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തത്. മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്‌തത്. സാഹസിക വിനോദങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് കടലിന് മുകളിലൂടെ നടന്ന് കടല്‍ കാഴ്‌ചകള്‍ ആവോളം ആസ്വദിക്കാനും ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഉപയോഗപ്പെടുത്താം.