മണൽ കടത്ത് തടയാനെത്തിയ ജീവനക്കാരെ ആക്രമിച്ച് മാഫിയാസംഘം ; വനിത ഉദ്യോഗസ്ഥ ഉൾപ്പടെയുള്ളവർക്ക് പരിക്ക് - വനിത ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
🎬 Watch Now: Feature Video
പട്‌ന : ബിഹാറിലെ പട്‌നയിൽ മണൽ മാഫിയയുടെ ആക്രമണത്തിൽ ഖനന വകുപ്പിലെ വനിത ഉദ്യോഗസ്ഥർ അടക്കം മൂന്ന് പേർക്ക് പരിക്ക്. വനിത ഇൻസ്‌പെക്‌ടർ അമ്യ കുമാരി, മൈനിങ് ഇൻസ്‌പെക്‌ടർ സയീദ് ഫർഹിൻ, ജില്ല മൈനിങ് ഓഫിസർ കുമാർ ഗൗരവ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ 44 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരേയും സ്ഥലത്തെത്തിയ പൊലീസുകാരെയും മണൽ മാഫിയാസംഘം പിന്തുടരുന്നതും ക്രൂരമായി മർദിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. വനിത ഉദ്യോഗസ്ഥ രക്ഷപ്പെടുന്നതിനായി കൂടെയുണ്ടായിരുന്ന പുരുഷ ഉദ്യോഗസ്ഥന് പിന്നിൽ അഭയം പ്രാപിച്ചെങ്കിലും ഓടിയെത്തിയ അക്രമികൾ വടികൊണ്ട് ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു.
മണൽ ഖനനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെ ഒരു സംഘം സാമൂഹിക വിരുദ്ധർ ജില്ല ഖനന ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്ന് പട്‌ന (വെസ്റ്റ്) പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 44 പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഖനനത്തിന് ഉപയോഗിച്ച ലോറികളും പൊലീസ് പിടികൂടിയിട്ടുണ്ട്.