മടങ്ങിയെത്തുന്ന മണ്‍ചാരുത ; തെരുവോരങ്ങള്‍ കീഴടക്കി മണ്‍പാത്ര വിപണി, പ്രതീക്ഷയില്‍ കച്ചവടക്കാര്‍ - Kottayam news updates
🎬 Watch Now: Feature Video
കോട്ടയം : ആധുനിക ലോഹങ്ങളുടെ വരവോടെ പടിയിറങ്ങിയ മണ്‍പാത്രങ്ങള്‍ക്ക് മലയാളികള്‍ക്കിടയില്‍ വീണ്ടും ആവശ്യക്കാരേറുന്നു. മണ്‍പാത്ര നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് ഇത് പുത്തന്‍ പ്രതീക്ഷ. മിക്ക വീട്ടകങ്ങളിലും നിരന്നിരുന്ന ഈ പാത്രങ്ങളില്‍ പാചകം ചെയ്യുന്ന ഭക്ഷണത്തിന് പ്രത്യേക രുചിയാണെന്നാണ് പഴമക്കാര്‍ പറയുന്നത്. മാത്രമല്ല അലൂമിനിയം, സ്റ്റീല്‍ എന്നിങ്ങനെയുള്ള പാത്രങ്ങളില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ ഏറെ ഗുണകരം മണ്‍പാത്രങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കാണെന്നും പറയാറുണ്ട്.
പരമ്പരാഗത കാലം മുതൽ മൺപാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്‌ത് കഴിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. വിറക് അടുപ്പുകൾ അപ്രത്യക്ഷമായതും മൺപാത്രങ്ങള്‍ അവഗണിക്കപ്പെടാന്‍ കാരണമായി. എന്നാലിപ്പോള്‍ കഞ്ഞിക്കലത്തിന്‍റെയും മീന്‍കറി വയ്‌ക്കുന്ന ചട്ടിയുടെയുമെല്ലാം ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. മാത്രമല്ല വേനല്‍ കടുത്തതോടെ കൂജകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.
വമ്പന്‍ ഹോട്ടലുകളിലെ തീന്‍മേശയില്‍ ഇടംപിടിച്ച് മണ്‍പാത്രങ്ങള്‍ : ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ തീന്‍മേശകളിലെല്ലാം ഭക്ഷണങ്ങളെത്തുന്നതും ഇത്തരം മണ്‍പാത്രങ്ങളിലാണ്. അറേബ്യന്‍, ചൈനീസ്, കോണ്ടിനന്‍റല്‍ തുടങ്ങി വിഭവങ്ങള്‍ ഏതായാലും ജനങ്ങള്‍ക്ക് വിളമ്പി നല്‍കുന്നതും ഇത്തരം വെറൈറ്റി മണ്‍പാത്രങ്ങളിലാണ്. എന്തിനതികം പലയിടത്തും ചായ പോലും വിളമ്പുന്നത് പ്രത്യേകം തയ്യാറാക്കിയ മണ്‍ക്ലാസുകളിലാണ്.
ഹോട്ടലിലെ തീന്‍ മേശയ്‌ക്ക് അരികിലെത്തുന്ന ഇത്തരം പാത്രങ്ങള്‍ പുതുതലമുറയ്‌ക്ക് നല്‍കുന്നത് ഒരു പുത്തന്‍ അനുഭൂതിയാണ്. വിശേഷ ദിവസങ്ങളില്‍ മാത്രം വ്യാപകമായി വിറ്റഴിക്കപ്പെട്ട മണ്‍പാത്രങ്ങള്‍ക്കിപ്പോള്‍ ആവശ്യക്കാരേറിയതോടെ നാട്ടിലെങ്ങും മണ്‍പാത്ര വില്‍പ്പനയും സജീവമായി.
പാലായിലെ വഴിയോരങ്ങള്‍ കീഴടക്കി മണ്‍പാത്ര കടകള്‍ : പാലായിലെ വഴിയോര വിപണിയില്‍ ദിവസവും നിരവധി പേരാണ് മണ്‍പാത്രങ്ങള്‍ വാങ്ങാനെത്തുന്നത്. മാത്രമല്ല റോഡിലൂടെ യാത്ര ചെയ്യുന്നവരും മണ്‍പാത്രങ്ങള്‍ കണ്ടാല്‍ ഒന്ന് നോക്കി പോകുന്ന തരത്തിലുള്ള ആകര്‍ഷണീയതയുണ്ട് ഇവയ്‌ക്ക്. 100 മുതല്‍ 400 രൂപ വരെയാണ് മണ്‍പാത്രങ്ങളുടെ വില. മയക്കിയ ചട്ടികളും അല്ലാത്ത ചട്ടികളും ഇന്ന് വിപണിയില്‍ ലഭ്യമാകും.
ചട്ടി ചോറ്, ചട്ടിപ്പുഴുക്ക്, പഴങ്കഞ്ഞി എന്നിങ്ങനെയുള്ള വിഭവങ്ങൾ മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. പ്രധാന നഗരങ്ങളിൽ എല്ലാം തന്നെ ഇത്തരം വിഭവങ്ങൾ മാത്രം വിൽക്കുന്ന കടകളും സജീവമായി കൊണ്ടിരിക്കുന്നു. മുന്തിയ ഹോട്ടലുകളിലും ഈ വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇറച്ചി കറിയും മീൻ കറിയും വയ്ക്കുന്ന ചട്ടി വാങ്ങാൻ നിരവധി പേരാണെത്തുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
നിറത്തിനും വലിപ്പത്തിനും അനുസരിച്ച് ചട്ടികൾ അടുക്കിവച്ചിരിക്കുന്നത് കാണാന്‍ തന്നെ വളരെ ഭംഗിയാണ്. ചില വീടുകളിൽ അലങ്കാര പുഷ്‌പങ്ങൾ വരെ ചട്ടിയിൽ പിടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. തൃശൂർ, ഷൊർണൂർ എന്നിങ്ങനെ കേരളത്തിന്‍റെ വടക്കന്‍ മേഖലകളില്‍ നിന്നാണ് പാലായിലേക്ക് വില്‍പ്പനയ്ക്കുള്ള ചട്ടികള്‍ കൊണ്ടുവരുന്നത്.