കവര്‍ച്ച സംഘത്തിന്‍റെ ആക്രമണം; യുവാവിന് പരിക്ക് - മൈസൂര്‍ ബാംഗ്ലൂര്‍ എക്‌സ്‌പ്രസ്
🎬 Watch Now: Feature Video
വയനാട്: മൈസൂര്‍ - ബംഗ്ലുരൂ എക്‌സ്‌പ്രസ് ഹൈവേയില്‍ യുവാവിന് കവര്‍ച്ച സംഘത്തിന്‍റെ ആക്രമണം. പനമരം സ്വദേശി പൂവത്താന്‍ കണ്ടി അഷ്‌റഫാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്‌ച പുലര്‍ച്ചെ 2.30ഓടെയാണ് ആക്രമണമുണ്ടായത്.
പനമരത്തെ മെഴുക് ഫാക്‌ടറിയിലേക്ക് പിക്കപ്പില്‍ മെഴുക് എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. യാത്രക്കിടെ മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. രണ്ട് പേരെത്തി അഷ്‌റഫിനോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ഇരുമ്പ് കത്തിയെടുത്ത് അഷ്‌റഫിന്‍റെ കഴുത്തില്‍ വയ്‌ക്കുകയുമായിരുന്നു.
ഇതിനിടെ അഷ്‌റഫ് വാഹനത്തിന്‍റെ ഡോര്‍ ശക്തിയായി തുറന്നതോടെ ഇരുവരും ദൂരേക്ക് തെറിച്ച് വീണു. ഉടന്‍ തന്നെ വാഹനത്തിന്‍റെ ഗ്ലാസ് പൊക്കി വേഗത്തില്‍ വാഹനമോടിച്ച് പോകാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ ഗ്ലാസ് തല്ലി തകര്‍ത്ത് വീണ്ടും ആക്രമിച്ചു.
സംഭവത്തിനിടെ പിക്കപ്പിന് പിന്നില്‍ കാര്‍ വന്ന് നിര്‍ത്തിയതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ കൈയ്‌ക്ക് പരിക്കേറ്റ അഷ്‌റഫ് മുറിവ് തുണികൊണ്ട് കെട്ടി ബാംഗ്ലൂരിലേക്ക് യാത്ര തുടര്‍ന്നു. മെഴുക് ബാംഗ്ലൂരിലെത്തിച്ച് തിങ്കളാഴ്‌ച രാവിലെയാണ് അഷ്‌റഫ് വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് പനമരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ബംഗ്ലൂരുവിലേക്കുള്ള യാത്രക്കിടെ സംഭവ സ്ഥലത്ത് നിന്ന് കുറെ മാറി അഷ്‌റഫ് വാഹനം നിര്‍ത്തിയപ്പോള്‍ പൊലീസെത്തി ഓടിച്ചിരുന്നു. അതുക്കൊണ്ടാണ് ആക്രമണത്തെ തുടര്‍ന്ന് അഷ്‌റഫ് പൊലീസില്‍ പരാതിപ്പെടാതെ മടങ്ങിയത്.