ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനി നിവാസികളുടെ പുനരധിവാസം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്‌ടർക്ക് നിർദേശം നൽകി റവന്യൂ മന്ത്രി - idukki district collector
🎬 Watch Now: Feature Video
ഇടുക്കി : ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനി നിവാസികളെ പകരം ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ല കലക്‌ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം. പട്ടിക വര്‍ഗ ഏകോപന സമതി നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
2003ൽ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം കുടിയിരുത്തിയ ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച് മേഖല വനമാക്കി മാറ്റുന്നതിനായുള്ള വനം വകുപ്പ് നീക്കത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്ന് വരികയാണ്. ഈ സാഹചര്യത്തിലാണ് പട്ടിക വര്‍ഗ ഏകോപന സമതി റവന്യൂ, വനം വകുപ്പുകള്‍ക്ക് നിവേദനം നല്‍കിയത്. നിലവില്‍ വിതരണം ചെയ്‌തിരിക്കുന്ന മൂന്നൂറ്റിയൊന്ന് ഏക്കറിന് പകരം ഭൂമിയും നഷ്‌ടപരിഹാരവും നൽകി മാത്രമേ ആദിവാസി കുടുംബങ്ങളെ ഇവിടെ നിന്നും ഒഴിപ്പിക്കാവൂ എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നിവേദനം.
പട്ടിക വര്‍ഗ ഏകോപന സമതി സംസ്ഥാന ജനറല്‍ സെക്രട്ടറി സാറാമ്മ ജോസഫാണ് നിവേദനം നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആദിവാസികള്‍ക്ക് പകരം ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഇടുക്കി ജില്ല കലക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, രണ്ട് പതിറ്റാണ്ടിലധികമായി കൃഷി ചെയ്‌ത് ജീവിക്കുന്ന മുന്നൂറ്റിയൊന്ന് കോളനിയില്‍ നിന്നും കുടിയൊഴിയില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കുടി നിവാസികള്‍ ഉള്ളതിനാല്‍ പുനരധിവാസ പദ്ധതി എങ്ങനെ നടപ്പിലാക്കാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.