Retired Sports Council Staffs Protest പെൻഷനില്ല, ക്ഷാമബത്തയില്ല, സ്‌പോർട്‌സ് കൗൺസിൽ തിരിഞ്ഞുനോക്കുന്നില്ല, വിരമിച്ച കോച്ചുമാരും ഉദ്യോഗസ്ഥരും സമരത്തിൽ - സമരം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 8, 2023, 8:14 PM IST

തിരുവനന്തപുരം : 2014 മുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ (State Sports Council) നിന്നും വിരമിച്ചിട്ടും പെന്‍ഷനാനുകൂല്യങ്ങളും റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളും (Pension benefits and retirement benefits) നല്‍കാതെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരിക്കുകയാണ് കോച്ചുമാരും ഉദ്യോഗസ്ഥരും. യൗവന കാലത്ത് രാജ്യത്തിന് മികച്ച കായിക താരങ്ങളെ സംഭാവന ചെയ്‌ത ഇവര്‍ ഇപ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കിട്ടാനായി വാര്‍ദ്ധക്യ കാലത്ത് അവശതയിലും ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. ക്ഷാമബത്ത, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ കുടിശികയാക്കിയും ശമ്പള കമ്മിഷന്‍ ശുപാര്‍ശ നടപ്പിലാക്കാതെയും 224 ഓളം പേരെയാണ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവഗണിക്കുന്നത്. പരാതിക്കാരോട് മുഖ്യമന്ത്രിയെ സമീപിക്കാനാണ് കൗണ്‍സിൽ അധികൃതരുടെ മറുപടി. ആനുകൂല്യങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണ് തുറക്കുന്നതും കാത്തിരുന്ന് എന്നന്നേക്കുമായി കണ്ണടഞ്ഞു പോയവരും നിരവധിയാണ്. ഇവർക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പ്രതിമാസ പെന്‍ഷനും കൃത്യമായി കിട്ടാറില്ല. ക്യാന്‍സര്‍ രോഗികള്‍ മുതല്‍ അന്ധത ബാധിച്ചവര്‍ വരെ അവഗണിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. നിലവിലെ സ്റ്റേറ്റ് സ്‌പോർട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് യു ഷറഫലിയുടെ കോച്ച് ഷാജി സി ഉമ്മന്‍ മുതല്‍ നിരവധി സീനിയര്‍ താരങ്ങളും അവഗണനയ്‌ക്കെതിരെ തെരുവില്‍ സമരത്തിലാണ്. 2019 ല്‍ വിരമിച്ച എട്ടോളം ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ നല്‍കിയ ഹര്‍ജിയില്‍ രണ്ട് മാസത്തിനുള്ളില്‍ പെന്‍ഷന്‍ നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിന്‍റെ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. അതിനാൽ, ഇതുവരെ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പോർട്‌സ് കൗണ്‍സിലിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി കൊടുക്കാനൊരുങ്ങുകയാണ് ഹര്‍ജിക്കാര്‍. വിഷയത്തിൽ, കൗണ്‍സില്‍ ആസ്ഥാനത്തിനു മുന്നില്‍ സമരം നടത്തിയ മുന്‍ കോച്ചുമാരെ പൊലീസ് അറസ്റ്റു ചെയ്‌തു നീക്കി. പക്ഷേ ആനുകൂല്യം ലഭിക്കുന്നതുവരെ ഇവര്‍ക്കിത് ജീവിത സമരവും സമര ജീവിതവുമായിരിക്കും.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.