മഴക്കാല മുന്നൊരുക്കം; ഇടുക്കിയിലെ ഡാമുകളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു - മൺസൂൺ
🎬 Watch Now: Feature Video
ഇടുക്കി: ഇടുക്കി ജില്ലയിലെ ഡാമുകളിലെ മഴക്കാല മുന്നൊരുക്ക അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഷട്ടറുകൾ, ഡാമിൻ്റെ റിസർവോയറുകൾ, മുന്നറിയിപ്പ് സൈറണുകൾ തുടങ്ങിയവ സജ്ജമാണോ എന്നുള്ള പരിശോധനകളും പുരോഗമിക്കുകയാണ്. ഡാം സേഫ്റ്റി വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
മൺസൂൺ എത്തുന്നതിന് മുമ്പായി ഡാമുകൾ പൂർണ്ണ സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് പണികൾ നടത്തുന്നത്. കല്ലാർ, ഇരട്ടയാർ, ഇടുക്കി, ചെറുതോണി, കുളമാവ്, വടക്കേപുഴ, നാരകകാനം, അഴുത, വഴിക്കടവ്, കുട്ടിയാർ ഡാമുകളിലാണ് അറ്റകുറ്റപ്പണികൾ നടത്തുക. ഇരട്ടയാർ ഡാമിലെ അറ്റകുറ്റപ്പണി കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
ഡാമിൻ്റെ ഷട്ടറുകൾ, വൈദ്യുതി ബന്ധം എന്നിവയെല്ലാം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ചെറുതോണി, കല്ലാർ ഡാമുകളിലാണ് ഇപ്പോൾ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ ബാക്കിയുള്ള ഡാമുകളിൽ ആറ്റകുറ്റപണി നടത്തുമെന്നും ഡാമുകൾ പൂർണ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുമെന്നും ഡാം സേഫ്റ്റി വിഭാഗം അറിയിച്ചു.
നിലവിൽ വേനൽ മഴ ലഭിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് നേരിയ തോതിൽ ഉയരുന്നുണ്ട്. ഇതിനാൽ തന്നെ വൈദ്യുത ഉത്‌പാദനത്തിൽ ആശങ്കകൾ നിലവിൽ ഇല്ലെന്നും ഡാം സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഇടുക്കി ഡാമിൽ നേരിയ തോതിൽ ജലനിരപ്പ് ഉയരുകയാണ്. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 2331.64 ഖനയടി ജലമാണ് ഇടുക്കി ഡാമിൽ ഉള്ളത്.