മോദിയുടെ 'ശൂർപ്പണഖ' പരാമർശത്തിൽ മാനനഷ്‌ടക്കേസ് നൽകും, കോടതിയുടെ വേഗത നോക്കട്ടെ; രേണുക ചൗധരി
🎬 Watch Now: Feature Video
ന്യൂഡൽഹി: 2018ൽ പാർലമെന്‍റിൽ നടത്തിയ 'ശൂർപ്പണഖ' പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി. സ്ഥാനമോഹിയായ അദ്ദേഹം എന്നെ അന്ന് ശൂർപ്പണഖ എന്നാണ് വിശേഷിപ്പിച്ചത്. ഞാൻ അദ്ദേഹത്തിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യും. കോടതികൾ അപ്പോൾ എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് നോക്കാം രേണുക ചൗധരി ട്വിറ്ററിൽ കുറിച്ചു.
2019ൽ രാഹുൽ ഗാന്ധി നടത്തിയ മോദി പരാമർശത്തിനെ തുടർന്നാണ് സൂറത്ത് കോടതിയുടെ വിധി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിക്കെതിരെ രേണുക ചൗധരി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് രാഹുലിന് വിധിച്ചത്. അപ്പീൽ നൽകുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്.
2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന റാലിയിൽ സംസാരിക്കവെയാണ് വയനാട്ടിൽ നിന്നുള്ള ലോക്‌സഭ എംപിയായ രാഹുല്‍ ഗാന്ധിയുടെ പരാമർശം. നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന് പൊതുനാമം ഉണ്ടായത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ബിജെപി എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി നൽകിയ പരാതിയിലായിരുന്നു കോടതി നടപടി.