Ration Dealers Commission In Kits Distribution : കിറ്റ് വിതരണത്തില്‍ 10 മാസത്തെ കമ്മിഷൻ കുടിശ്ശിക കിട്ടിയില്ല ; റേഷൻ വ്യാപാരികൾ ഹൈക്കോടതിയിലേക്ക് - റേഷൻ വ്യാപാരികൾ ഹൈക്കോടതിയിലേക്ക്
🎬 Watch Now: Feature Video
Published : Oct 1, 2023, 11:24 AM IST
കോഴിക്കോട് : കൊവിഡ് കാലത്ത് കിറ്റ് വിതരണം നടത്തിയതിന്‍റെ പത്ത് മാസത്തെ കമ്മിഷൻ കുടിശ്ശിക റേഷൻ വ്യാപാരികൾക്ക് നൽകാത്തതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ(All Kerala Retail Ration Dealers Association). സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദലിയാണ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തെ 14,100 റേഷൻ വ്യാപാരികൾ ഇത്തരമൊരു ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത് ((Ration Dealers Commission In Kits Distribution). നേരത്തെ ഈ ആവശ്യവുമായി ആറ് റേഷൻ വ്യാപാരികൾ വിവിധ കോടതികളെ സമീപിച്ചിരുന്നു. എല്ലാ കോടതികളും ഈ വിഷയത്തിൽ റേഷൻ വ്യാപാരികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അവസാനം സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി ആറ് പേർക്ക് കിറ്റിന്‍റെ പണം നൽകാൻ സർക്കാർ തീരുമാനിച്ചു. അതാണ് ഇപ്പോൾ റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കുന്നതിന് കാരണമായത്. ഇതിന് മുന്നോടിയായി എല്ലാ താലൂക്കുകളിലുമുള്ള റേഷൻ വ്യാപാരികളിൽ നിന്നും വക്കാലത്ത് ഒപ്പിട്ട് വാങ്ങും. ഒക്ടോബർ രണ്ടിന് തൃശൂരിൽ നടക്കുന്ന റേഷൻ വ്യാപാരികളുടെ ഉന്നത അധികാരി യോഗത്തിൽ വക്കാലത്തുകള്‍ ഏറ്റുവാങ്ങും. പത്താം തീയതിക്കുള്ളിൽ ഇവ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും ടി മുഹമ്മദലി അറിയിച്ചു. റേഷൻ വ്യാപാരികളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. വ്യാപാരികളെ ഹൈക്കോടതിയിലേക്ക് അയക്കാതെ എത്രയും പെട്ടെന്ന് തുക നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.