എ ഐ കാമറ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്ന്; മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്ന് ചെന്നിത്തല - കേരള സ്റ്റോറി
🎬 Watch Now: Feature Video
കോട്ടയം: എ ഐ കാമറ വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ എ ഐ കാമറ അഴിമതിയിൽ എല്ലാ സത്യങ്ങളും പുറത്ത് വരും വരെ യുഡിഎഫ് സമരം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എ ഐ കാമറയിൽ അഴിമതിയുണ്ടെന്ന് തെളിഞ്ഞതിൽ പിന്നാലെ കെൽട്രോണിന്‍റെ മേൽ പഴിചാരി രക്ഷപെടാനാണ് മന്ത്രി പി രാജീവ് ശ്രമിക്കുന്നത്. ഒരേ രീതിയിലുള്ള അഴിമതിയാണ് ഒന്നാം പിണറായി സർക്കാരിന്‍റെ കാലം മുതൽ നടന്നു വരുന്നത്. ഈ എ ഐ കാമറ ശിവശങ്കറുടെ ബുദ്ധിയും കുഞ്ഞുമാണെന്നും പാവപ്പെട്ട ജനങ്ങളുടെ കയ്യിൽ നിന്നും പണം പിഴിയാനുള്ള ശ്രമം അനുവദിക്കില്ലന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം മതസ്‌പർദ്ധ വളർത്തുന്ന പ്രമേയം ചർച്ച ചെയ്യുന്ന സിനിമ കേരള സ്റ്റോറി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മതസൗഹാർദം ഏറ്റവും കൂടുതലുള്ള കേരളത്തിൽ മതങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് സിനിമ കൊണ്ട് സംഘപരിവാറും ബിജെപിയും ശ്രമിക്കുന്നത്.
സംഘപരിവാറിന്‍റെയും ബിജെപിയുടെയും ഈ ശ്രമത്തിനെതിരെ എല്ലാവരും ഒരുമിച്ച് ചേർന്ന് പോരാടണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.