കോഴിക്കോട് കനത്ത മഴയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു; താത്‌കാലിക പാലം ഒലിച്ച് പോയി
🎬 Watch Now: Feature Video
കോഴിക്കോട്: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ കനത്ത മഴയും മലവെള്ളപ്പാച്ചിലും. ആനക്കാംപൊയിൽ, കോടഞ്ചേരി, പുല്ലൂരാംപാറ, പുന്നക്കൽ എന്നിവിടങ്ങളിലെ വന മേഖലകളിലാണ് ശക്തമായ മഴ ലഭിച്ചത്. മഴയെ തുടര്‍ന്ന് പതങ്കയത്ത് കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെടുത്തി.
നാട്ടുകാര്‍ വടം കെട്ടി വെള്ളത്തിലിറങ്ങിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. തിങ്കളാഴ്‌ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. പുന്നയ്ക്കൽ - വഴിക്കടവ് പാലം നിര്‍മാണം നടക്കുന്നതിനിടെ താത്‌കാലികമായി നിര്‍മിച്ച പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയി. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മഴ രാത്രി ഏഴ് മണി വരെ തുടര്‍ന്നു. കനത്ത മഴയില്‍ വനത്തിനുള്ളില്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.
കോട്ടൂരിലും കനത്ത മഴ: ജില്ലയിലെ കോട്ടൂര്‍ പൂനത്ത് പ്രദേശത്തും കഴിഞ്ഞ ദിവസം മഴ ശക്തി പ്രാപിച്ചിരുന്നു. നിര്‍ത്തിയിട്ട കാറിന് മുകളിലൂടെ മരം വീണ് കാര്‍ പൂര്‍ണമായും നശിച്ചു. താമരശ്ശേരിയിലുണ്ടായ കനത്ത മഴയില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു.
മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്: കോഴിക്കോട് ജില്ലയെ കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.