'ബിജെപിയും നരേന്ദ്രമോദിയും ഇന്ത്യയെ ആക്രമിക്കുന്നു, ജനാധിപത്യ സ്ഥാപനങ്ങള്‍ ഭീഷണിയിലാണ്'; രാഹുല്‍ ഗാന്ധി
🎬 Watch Now: Feature Video
കോഴിക്കോട്: ജനാധിപത്യത്തെയും മതേതര മൂല്യങ്ങളെയും ആക്രമിക്കുക വഴി ബിജെപിയും നരേന്ദ്രമോദിയും ചെയ്യുന്നത് ഇന്ത്യയെ ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി എം.പി. ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ പാർലമെന്‍റ്, ജുഡീഷ്യറി, സ്വതന്ത്ര്യ മാധ്യമപ്രവർത്തനം, ഇലക്ഷൻ കമ്മിഷൻ, ബ്യൂറോക്രസി തുടങ്ങി ഇന്ത്യയിലെ ഓരോ ജനാധിപത്യ സ്ഥാപനങ്ങളും ആക്രമണ ഭീഷണിയിലാണെന്ന് അദ്ദേഹം പറഞ്ഞു. മുക്കത്ത് യുഡിഎഫ് ബഹുജന കൺവൻഷൻ ഉദ്ഘാടനവും കൈത്താങ്ങ് പദ്ധതിയിൽ ഉൾപെടുത്തി നിർമിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പറയുന്നതും കേൾക്കുന്നതുമാണ് ജനാധിപത്യം. എന്നാൽ ഡൽഹിയിൽ നിന്ന് ഭരണം നിയന്ത്രിക്കുന്ന ചില ആളുകൾക്ക് അത് മനസിലാകുന്നില്ല. അവർ ആക്രോശിക്കുകയാണ്'. ആളുകളെ ആക്രമിക്കുന്നതും അപമാനിക്കുന്നതുമല്ല ജനാധിപത്യം. ബിജെപിയും ആർഎസ്എസും നരേന്ദ്ര മോദിയും ധരിച്ചു വച്ചിരിക്കുന്നത് അവരാണ് ഇന്ത്യ എന്നാണ്. ഇന്ത്യ എന്നാൽ അവരാണെന്ന് അവർ സ്വയം വിശ്വസിക്കുന്നു'-രാഹുല്‍ ഗാന്ധി പറഞ്ഞു.
'പ്രധാനമന്ത്രി ഇന്ത്യയിലെ ഒരു പൗരൻ മാത്രമാണ്. ഇന്ത്യ മുഴുവനുമല്ല. നരേന്ദ്ര മോദി എത്ര സ്വപ്‌നം കണ്ടാലും എത്ര ദേഷ്യം പിടിച്ചാലും അദ്ദേഹമല്ല ഈ രാജ്യം. ഇന്ത്യ ആർഎസ്എസോ ബിജെപിയോ അല്ല. ആർഎസ്എസിനേയും ബിജെപിയെയും വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കുന്നതാണെന്ന് കരുതേണ്ട'.
'എന്ത് സാഹചര്യം വന്നാലും ഞാനിത് പറഞ്ഞു കൊണ്ടേയിരിക്കും. ഒരുപാട് ആളുകൾ നരേന്ദ്രമോദിയെയും ബിജെപിയെയും പൊലീസിനെയും ഭയക്കുന്നുണ്ട്. പക്ഷേ ഞാൻ അങ്ങനെയല്ലെന്ന്' രാഹുല്‍ ഗാന്ധി എം പി അഭിപ്രായപ്പെട്ടു.
'ഞാൻ എന്തുകൊണ്ട് അവരെ പേടിക്കുന്നില്ല എന്ന് അവർക്ക് മനസിലാകുന്നില്ല എന്നതാണ് പ്രശ്നം. അവർക്ക് പലരെയും ഭയപ്പെടുത്താം, തീവ്രവാദിയെന്ന് മുദ്രകുത്താം, സമ്മർദത്തിലാഴ്ത്താം. പക്ഷേ അവർ എന്നോട് അത് ചെയ്യില്ല'. കാരണം ഞാൻ സത്യത്തിൽ വിശ്വസിക്കുകയും സത്യത്തിന് വേണ്ടി പോരാടുകയും ചെയ്യുന്നു. അവർ എന്നെ എത്ര വേട്ടയാടിയാലും എത്ര തവണ പൊലീസ് എന്‍റെ വീട്ടിൽ വന്നാലും ഞാൻ സത്യത്തിന് വേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യും. കള്ളം പറയുകയും കള്ളത്തിന് പിന്നിൽ ഒളിക്കുകയും ചെയ്യുന്നവർക്ക് ഇത് മനസിലാവില്ല'.
വയനാട്ടിലായാലും ഡൽഹിയിലായാലും ഹരിയാനയിലായാലും രാജസ്ഥാനിലായാലും സത്യം സത്യം തന്നെയാണ്. ആർഎസ്എസും ബിജെപിയും പ്രധാനമന്ത്രിയും ഇന്ത്യയുടെ ആശയത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും ആക്രമിക്കുകയാണ്. ഇത് ഞാൻ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.