റോഡുകളുടെ ശോചനീയാവസ്ഥ: ചിറ്റയം ഗോപകുമാറിനെതിരെ വിമർശനവുമായി ആർ ഉണ്ണികൃഷ്‌ണപിള്ള - ചിറ്റയം ഗോപകുമാറിനെതിരെ ആർ ഉണ്ണികൃഷ്‌ണപിള്ള
🎬 Watch Now: Feature Video
പത്തനംതിട്ട: അടൂർ എംഎൽഎയും ഡെപ്യൂട്ടി സ്‌പീക്കറുമായ ചിറ്റയം ഗോപകുമാറിനെതിരെ സിപിഎം സംസ്ഥാന നേതാവും മുൻ എംഎൽഎയുമായ ആർ ഉണ്ണികൃഷ്‌ണപിള്ള രംഗത്ത്. ആർ ഉണ്ണികൃഷ്‌ണപിള്ളയുടെ വീട് ഉൾപ്പെടുന്ന അടൂർ കൊന്നമങ്കര റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കൊന്നമങ്കര റസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്‌തു കൊണ്ടാണ് അദ്ദേഹം ചിറ്റയതിനെതിരെ രംഗത്തെത്തിയത്.
ജില്ലയിൽ സിപിഎം- സിപിഐ വിഭാഗീയത നിലനിൽക്കെയാണ് ആർ ഉണ്ണികൃഷ്‌ണപിള്ളയുടെ പരാമർശം. തിങ്കളാഴ്‌ചയാണ് ഡെപ്യൂട്ടി സ്‌പീക്കറുടെ അടൂരിലെ ഓഫിസിലേക്ക് കൊന്നമങ്കര റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടന്നത്. അസോസിയേഷൻ പ്രസിഡന്‍റ് സി. പ്രദീപ് കുമാറിന്‍റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം.
റോഡിന്‍റെ ശോചനീയാവസ്ഥ ചിറ്റയം ഗോപകുമാറിന് അറിയാവുന്നതാണെന്നും അതിന് പരിഹാരം ഇല്ലാതെ വന്നതോടെയാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തതെന്നുമാണ് ആർ. ഉണ്ണികൃഷ്‌ണപിള്ളയുടെ നിലപാട്. അതേസമയം ആർ ഉണ്ണികൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ തന്‍റെ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് പിന്നിൽ ഗൂഡാലോചനയും ദുരുദ്ദേശവും ഉണ്ടെന്ന് ഡെപ്യൂട്ടി സ്‌പീക്കർ പ്രതികരിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് സമരമെന്നും ഇതിൽ കടുത്ത പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടൂർ മണ്ഡലത്തിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും തന്‍റെ ഓഫിസ് ഉൾപ്പെടുന്ന കൊന്നമങ്കര വാർഡിൽ അടൂർ നഗരസഭ ചെയ്യേണ്ട റോഡുകളുടെ വികസനം ഉൾപ്പെടെ ചെയ്‌തിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാർ വ്യക്‌തമാക്കി.