NSS Quarrel | എന്‍എസ്എസില്‍ ഭിന്നത ; പ്രതിനിധി സഭയില്‍ നിന്ന് 6 ഡയറക്‌ടര്‍മാര്‍ ഇറങ്ങിപ്പോയി - ഡയറക്‌ടര്‍മാര്‍ ഇറങ്ങിപോയി

🎬 Watch Now: Feature Video

thumbnail

By

Published : Jun 23, 2023, 8:11 PM IST

കോട്ടയം :  എന്‍എസ്എസില്‍ ഭിന്നത. വെള്ളിയാഴ്‌ച ചങ്ങനാശ്ശേരിയില്‍ നടന്ന പ്രതിനിധി സഭയില്‍ നിന്ന്  ആറ് ഡയറക്‌ടര്‍മാര്‍ ഇറങ്ങിപ്പോയി. എന്‍എസ്എസ് ഡയറക്‌ടര്‍ ബോര്‍ഡ് അംഗവും അടൂർ താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ കലഞ്ഞൂര്‍ മധു ഉൾപ്പടെ ആറ് ഡയറക്‌ടർമാരാണ് വേദി വിട്ടത്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു നടപടിയെന്ന് ഇവർ പിന്നീട് പറഞ്ഞു. 

അതേസമയം പുതിയ ഡയറക്‌ടര്‍ ബോര്‍ഡില്‍ നിന്ന് കലഞ്ഞൂർ മധുവിനെ ഒഴിവാക്കി. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെടുത്തതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. എന്‍എസ്‌എസില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമേ സംഘടനയിൽ നിലനിൽക്കാൻ കഴിയുകയുള്ളൂ എന്നുമാണ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയവരുടെ നിലപാട്. 

അതേസമയം, മധുവിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കി. പ്രതിനിധി സഭയിൽ നിന്ന് മധുവിനെ ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് മധുവിന് പുറത്തുപോകേണ്ടി വന്നതെന്ന് സുകുമാരന്‍ നായർ പറഞ്ഞു. 

ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയെന്നതാണ്. എന്നാൽ, സമുദായത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം മറുപടി നൽകി. അതേസമയം പുതിയ പ്രതിനിധി സഭയിലേക്ക് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ ഉള്‍പ്പെടുത്തി. തന്‍റെ അച്ഛൻ ബാലകൃഷ്‌ണ പിള്ളയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായാണ് പുതിയ നിയോഗത്തെ കാണുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.