Puthuppally Byelection |'തിടുക്കത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മറ്റ് അവകാശികളെത്തുന്നത് ഒഴിവാക്കാന്‍': ഇ.പി ജയരാജന്‍
🎬 Watch Now: Feature Video
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മറ്റ് അവകാശികൾ എത്തുന്നത് ഒഴിവാക്കാനാണെന്ന് എല്‍ഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. അത്തരമൊരു ഭയപ്പാടിലും വേവലാതിയിലുമായിരുന്നു കോൺഗ്രസ് നേതൃത്വം. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നോ മറ്റു ഗ്രൂപ്പുകളിൽ നിന്നോ അവകാശവാദവുമായി ആരെങ്കിലും എത്തുമെന്ന് കോൺഗ്രസ് ഭയപ്പെട്ടിരുന്നു. അതിനാലാണ് അതിവേഗത്തിൽ സ്ഥാനാർഥി നിർണയം നടത്തിയതെന്ന് അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിൽ അത്തരത്തിൽ ഒരു പ്രശ്‌നവുമില്ല. സ്ഥാനാർഥിയെ സംബന്ധിച്ച് വിശദമായ ചർച്ച നടന്നുകഴിഞ്ഞു. നാളെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടവർ പ്രഖ്യാപിക്കുമെന്നും ജയരാജൻ പറഞ്ഞു. അതേസമയം ജെയ്‌ക് സി.തോമസ് ആണോ സ്ഥാനാർഥി എന്ന ചോദ്യത്തിന് മാധ്യമങ്ങൾ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ എന്നായിരുന്നു ജയരാജന്‍റെ മറുപടി. സിപിഎമ്മിന് സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് ഒരു ധൃതിയുമില്ല. ആവശ്യമായ ഘടകങ്ങളുമായി കൂടിയാലോചിച്ച് സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. കോൺഗ്രസ് സ്ഥാനാർത്ഥി പ്രചരണം തുടങ്ങിയതൊന്നും ഇടതുപക്ഷത്തെ ബാധിക്കില്ല. ഇടതുപക്ഷം എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്നവരാണെന്നും കോൺഗ്രസ് ജനങ്ങളെ ഭയപ്പെടുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഭയപ്പാടിലെ കാട്ടിക്കൂട്ടലുകളാണ് ഇപ്പോൾ നടക്കുന്നത്. ഈ കാട്ടിക്കൂട്ടലുകളുടെ ആവശ്യം സിപിഎമ്മിനും ഇടതുപക്ഷത്തിനുമില്ല. പുതുപ്പള്ളിയിലെയും കോട്ടയത്തെയും ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പമാണെന്നും അതാണ് ഓരോ തവണയും തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുതന്നെ ഇത്തവണയും ഉണ്ടാകുമെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.