Priya Varghese Returns | പ്രിയ വര്‍ഗീസ് കണ്ണൂർ സർവകലാശാലയില്‍; യുജിസി സുപ്രീംകോടതിയിലേക്ക് - സർവകലാശാല
🎬 Watch Now: Feature Video
കണ്ണൂർ: വിവാദങ്ങള്‍ക്കൊടുവിൽ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. നീലേശ്വരം കാമ്പസിൽ അസോസിയേറ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു.
തിരിച്ചുവരവ് ഇങ്ങനെ: മതിയായ യോഗ്യത പ്രിയക്കുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സർവകലാശാല കഴിഞ്ഞ ആഴ്‌ച നിയമന ഉത്തരവ് കൈമാറിയിരുന്നു. എന്നാല്‍ കണ്ണൂർ സർവകാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് യുജിസി തീരുമാനം. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം.
ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കുമെന്നാണ് നിയമോപദേശം. റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാർത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയും യുജിസിയും കാണുന്നു. ഈ സാഹചര്യത്തിലാണ് അപ്പീൽ പോകാൻ യുജിസി തീരുമാനം.