ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം; പ്രദേശത്ത് കൂട് സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ് - വെട്ടിക്കാമറ്റം കവല
🎬 Watch Now: Feature Video
ഇടുക്കി: ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ രാത്രിയിൽ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയ ആളാണ് വെട്ടിക്കാമറ്റത്തിന് സമീപം വഴിയരികിൽ കടുവ നിൽക്കുന്നത് കണ്ടത്. അതേസമയം ഇവിടെ കണ്ടത് പുലി വർഗത്തിൽപ്പെട്ട ജീവി ആകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
കൂട് സ്ഥാപിക്കാൻ വനം വകുപ്പ്: ചെമ്പകപ്പാറ സ്വദേശിയായ ജോഷിയാണ് രാത്രി 10 മണിയോടെ ഓട്ടോറിക്ഷയിൽ വരുന്നതിനിടെ കടുവ അടുത്തുള്ള റബർ തോട്ടത്തിലേക്ക് നടന്നു നീങ്ങുന്നത് കണ്ടത്. തുടർന്ന് വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കടുവ സാന്നിധ്യം സംശയിക്കപ്പെട്ട അടയാളക്കല്ലിന്‍റെ താഴ്ഭാഗമാണ് വെട്ടിക്കാമറ്റം കവല.
ഇവിടെ റോഡരികിലും കൃഷിയിടത്തിലുമായി വന്യ ജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് കടുവയുടേതാണെന്ന് സ്ഥിരീകരണമില്ല. കഴിഞ്ഞ രാത്രിയിൽ തോപ്രാംകുടിയിൽ കൂട്ടിൽ നിന്നിരുന്ന ആടിനെ വന്യജീവി ആക്രമിച്ചിട്ടുണ്ട്. ഇവിടെ കണ്ടെത്തിയത് പുലി വർഗത്തിൽ പെട്ട ജീവി എന്നാണ് നിഗമനം.
കഴിഞ്ഞ ഒരാഴ്‌ചയായി കടുവ പേടിയിലാണ് ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് മേഖല. കൃഷിയിടങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെങ്കിലും വനം വകുപ്പ് പലയിടത്തായി സ്ഥാപിച്ച കാമറകളിൽ ചിത്രം പതിഞ്ഞിട്ടില്ല. ഇതിനിടെ തിങ്കളാഴ്‌ച പുലർച്ചെ ഉദയഗിരി ടവർ ജംങ്ഷനിൽ രണ്ട് കടുവകളെ കണ്ടെന്ന് ബൈക്ക് യാത്രികൻ വെളിപ്പെടുത്തിയിരുന്നു.
ഇവിടെ കൂട് സ്ഥാപിച്ച് വന്യ മൃഗത്തെ പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏതാനും നാളുകളായി വന മേഖലയിൽ നിന്നും മാറിയുള്ള ജനവാസ കേന്ദ്രങ്ങളിൽ പുലി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യ മൃഗങ്ങൾ ഇറങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്.