വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളെ കടന്നു പിടിച്ചതായി പരാതി; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ - യുവതികളോട് മോശം പെരുമാറ്റം പൊലീസ് അറസ്റ്റിൽ
🎬 Watch Now: Feature Video
എറണാകുളം: അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കോതമംഗലം വെണ്ടുവഴി സ്വദേശി എ.എസ് പരീതിനെയാണ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളത്തിലിറങ്ങിയ തങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേനെ പൊലീസുകാരൻ ശരീരത്തിൽ സ്‌പർശിച്ചതായാണ് യുവതികളുടെ ആരോപണം. ആവർത്തിക്കരുതെന്ന് പറഞ്ഞിട്ടും പൊലീസുകാരൻ വീണ്ടും ശരീരത്തിൻ സ്‌പർശിച്ചതിനാലാണ് പ്രതികരിച്ചതെന്നും പരാതി നൽകിയ യുവതികൾ വ്യക്തമാക്കി.
വൈറ്റിലയിൽ നിന്നെത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവതികളാണ് പരാതിക്കാർ. സംഭവം ശ്രദ്ധയിൽ പെട്ടതോട യുവതികളുടെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. ഇതിനിടെ പൊലീസുകാരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും നാട്ടുകാരിൽ ചിലർ നടത്തി. തുടർന്ന് നാട്ടുകാർ തന്നെ ആരോപണ വിധേയരായ പൊലീസുകാരെ തടഞ്ഞു വച്ച് രാമമംഗലം പൊലീസിന് കൈമാറുകയായിരുന്നു. അവധി ദിവസമായ ചൊവ്വാഴ്‌ച വൈകുന്നേരം അരീക്കൽ വെള്ളച്ചാട്ടം കാണാൻ സ്ത്രീകളുൾപ്പെടെ നിരവധിയാളുകൾ എത്തിയിരുന്നു. ഇവിടെ മഫ്‌തിയിൽ എത്തിയതായിരുന്നു പരീതും, ബൈജുവും. രാമമംഗലം പൊലീസ് ഇരുവരെയും ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയായ പൊലീസുകാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം സംഭവം പൊലീസിൽ അറിയിച്ചെങ്കിലും ഒത്തുതീർപ്പാക്കാനാണ് പൊലീസുകാർ ആദ്യം ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. യുവതികൾ പരാതിയിൽ ഉറച്ച് നിന്നതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.