'ചെവിക്ക് ലാത്തിയടിയേറ്റ് ബോധരഹിതനായി വീണ് രക്തം വാര്‍ന്നു' ; ഉത്സവം കാണാനെത്തിയ യുവാവിനെ പൊലീസ് അകാരണമായി മർദിച്ചതായി പരാതി - police beat up young man in Kollam
🎬 Watch Now: Feature Video
കൊല്ലം : ക്ഷേത്രോത്സവത്തിനെത്തിയ യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം നെടുംമ്പന മരുതൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവം കാണാനെത്തിയ അതുൽ എന്ന യുവാവാണ് കണ്ണനല്ലൂർ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പൊലീസിന്‍റെ മർദനത്തിൽ ചെവിക്ക് ഗുരുതരമായി പരിക്കേറ്റതായും യുവാവ് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ ഉത്സവം കാണാനെത്തിയതിനിടെ പൊലീസ് തന്നെ മർദിച്ചതായാണ് അതുൽ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഉത്സവ പറമ്പിൽ ചിലർ തമ്മിലടിച്ചപ്പോൾ സംഘർഷം ഒഴിവാക്കുന്നതിനായി പൊലീസ് ലാത്തി വീശിയിരുന്നു. ഇതിനിടെ ഉത്സവം കാണാനെത്തിയ തന്നെപ്പോലുള്ള നിരപരാധികളായവരെ പോലും ക്രൂരമായി പൊലീസ് തല്ലി ചതച്ചതായും യുവാവ് പരാതിയിൽ ആരോപിക്കുന്നു.
ചെവിക്ക് ലാത്തിയടിയേറ്റ അതുൽ ഉത്സവ പറമ്പിൽ ബോധരഹിതനായി വീണിരുന്നു. രക്തം വാർന്ന് കിടന്ന യുവാവിനെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചത്. ഇതിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അതുലിന് ജോലി നഷ്ടം സംഭവിച്ചെന്നും കുടുംബം പറഞ്ഞു.
ALSO READ: പാർക്കിങിനെ ചൊല്ലി തർക്കം; അങ്കണവാടി ടീച്ചറെ സിഐടിയു തൊഴിലാളി മർദിച്ചതായി പരാതി
അതേസമയം ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം തടയുക മാത്രമേ ചെയ്‌തിട്ടുള്ളൂവെന്നാണ് പൊലീസിൻ്റെ വിശദീകരണം. അക്രമം ഉണ്ടാക്കിയവർക്കെതിരെ കേസെടുത്തതായും കണ്ണനല്ലൂർ പൊലീസ് വ്യക്തമാക്കി.