വീട് കയറി ആക്രമണം നടത്തിയ പ്രതികളെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി പൊലീസ്
🎬 Watch Now: Feature Video
ഇടുക്കി: വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ സഹോദരങ്ങളെ, തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇടുക്കി നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്‌തത്. മലപ്പുറം താനൂര്‍ പുതിയകടപ്പുറം വീട്ടില്‍ മുഹമ്മദ് റാഫി, ഷിഹാബ് അലി എന്നിവരാണ് അറസ്റ്റിലായത്.
2005 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതികളുടെ സഹോദരിയെ, നെടുങ്കണ്ടം വട്ടപ്പാറ സ്വദേശിയാണ് വിവാഹം ചെയ്‌തിരിക്കുന്നത്. സഹോദരിയെ കാണാന്‍ എത്തിയ ഇവര്‍, വീട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തര്‍ക്കം പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു.
വിചാരണ കാലയളവില്‍ സഹോദരങ്ങള്‍ മുങ്ങി: വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തെങ്കിലും വിചാരണ കാലയളവില്‍, ഇവര്‍ മലപ്പുറത്ത് നിന്നും താമസം മാറി. തുടര്‍ച്ചയായി അയച്ച സമന്‍സുകള്‍ കൈപറ്റിയില്ല. 18 വര്‍ഷത്തോളം മുങ്ങി നടന്ന പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
പിടിയിലാകുന്നത് വസ്‌ത്രവ്യാപാരം നടത്തുന്നതിനിടെ: തമിഴ്‌നാട്ടിലേക്ക് താമസം മാറിയ ഇരുവരും, വെല്ലൂരില്‍ വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു. ഇവിടെ നിന്നുമാണ്, മുഹമ്മദിനെയും ഷിഹാബിനെയും പൊലീസ് അറസ്റ്റ് ചെയ്‌തത്.