Video: പ്രസംഗം നന്നായി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് പ്രധാനമന്ത്രി... നിങ്ങളാണ് പ്രചോദനമെന്ന് യുവതിയുടെ മറുപടി
🎬 Watch Now: Feature Video
Published : Dec 19, 2023, 12:04 PM IST
|Updated : Dec 19, 2023, 1:02 PM IST
വാരാണസി: ഒരു വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് ചോദിച്ചാല്‍ എന്താകും നിങ്ങളുടെ മറുപടി. കഴിഞ്ഞ ദിവസം വാരാണസിയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വീട്ടമ്മയോട് അങ്ങനെയൊരു ചോദ്യം ചോദിച്ചു. അവർ അതിന് ഉത്തരവും നല്‍കി. അതിങ്ങനെയാണ്.
സേവാപുരി ഡെവലപ്‌മെന്‍റ് ബ്ലോക്കിലെ ബർകി ഗ്രാമത്തിൽ വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. "ലക്ഷപതി ദീദി" പദ്ധതിയുടെ ഗുണഭോക്താവായ ചന്ദാ ദേവിയോട് സംസാരിച്ച പ്രധാനമന്ത്രി "എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നത്, നിങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?" എന്ന് ചോദിക്കുകയായിരുന്നു.
"ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. നിങ്ങൾ നടത്തുന്ന പരിശ്രമങ്ങൾക്കൊപ്പം ഞങ്ങൾ മുന്നേറുകയാണ്. നിങ്ങളുടെ മുന്നിൽ സംസാരിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്."ചന്ദാ ദേവി മറുപടി പറഞ്ഞു. പിന്നീട്, ബാർക്കിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, പ്രധാനമന്ത്രി മോദി ചന്ദാ ദേവിയെ കുറിച്ച് പരാമർശിക്കുകയും ചെയ്തു.
"രാധാ മഹിളാ സഹായത" സ്വയം സഹായ സംഘത്തിലെ അംഗമാണ് ചന്ദാ ദേവി. 15,000 രൂപയുടെ പ്രാരംഭ വായ്പ ലാഭകരമായ ഒരു പച്ചക്കറി കൃഷി സംരംഭം ആരംഭിക്കാൻ തന്നെ പ്രാപ്തമാക്കിയതെങ്ങനെയെന്ന് അവർ പരിപാടിയില്‍ വിവരിച്ചു. സാമ്പത്തിക പരാധീനതയിൽ നിന്ന് സ്വയം പര്യാപ്തത കൈവരിക്കുന്നതിനും തന്റെ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുന്നുതിനും സംരംഭം സഹായിച്ചെന്നും പ്രധാനമന്ത്രി അംഗീകരിച്ച സർക്കാർ പദ്ധതികളുടെ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്നും ചന്ദാ ദേവി പറഞ്ഞു.