അബദ്ധത്തില്‍ പിന്‍ വിഴുങ്ങി; ശ്വാസകോശത്തില്‍ കുടുങ്ങിയ പിന്‍ പുറത്തെടുത്തു, 13കാരന് രക്ഷയായത് ബ്രോങ്കോസ്കോപ്പി - കര്‍ണാടക വാര്‍ത്തകള്‍
🎬 Watch Now: Feature Video
Published : Dec 3, 2023, 3:45 PM IST
ബെംഗളൂരു: പതിമൂന്നുകാരന്‍റെ ശ്വാസകോശത്തില്‍ കുടുങ്ങിയ പിന്‍ വിജയകരമായി പുറത്തെടുത്തു. റായ്‌ച്ചൂര്‍ ജില്ലയിലെ സിര്‍വാരയില്‍ മുചുലഗുഡ്ഡയിലെ 13 കാരനായ ശിവകുമാർ ദേവരാജയാണ് അബദ്ധത്തില്‍ പിന്‍ വിഴുങ്ങിയത്. കളിക്കുന്നതിനിടെ സ്‌കൂളിലെ നോട്ടിസ് ബോര്‍ഡിലെ നിന്നെടുത്ത പിന്‍ അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. വിഴുങ്ങിയ പിന്‍ കുട്ടിയുടെ ശ്വാസകോശത്തില്‍ പതിച്ചു. സംഭവത്തിന് പിന്നാലെ ഉടന്‍ തന്നെ കുട്ടിയെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന് വിഴുങ്ങിയതിന് പിന്നാലെ കുട്ടിയ്‌ക്ക് ചെറിയ ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ശ്വാസ കോശത്തില്‍ നിന്നും പിന്‍ കണ്ടെത്തിയത്. പിന്ന് ഉടനടി പുറത്തെടുക്കണമെന്ന് ഡോക്‌ടര്‍മാര്‍ ആവശ്യപ്പെടുകയും ബ്രോങ്കോസ്കോപ്പിയിലൂടെ പുറത്തെടുക്കുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. പിന്‍ പുറത്തെടുത്തതിന് പിന്നാലെ കുട്ടി ആശുപത്രി വിട്ടെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. അടുത്തിടെ കൊല്‍ക്കത്തയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ശ്വാസനാളത്തിലാണ് പിന്‍ അകപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ശ്വാസനാളത്തില്‍ പിന്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് പിന്‍ ശ്വാസനാളത്തില്‍ നിന്നും അതിവിദഗ്‌ധമായി പുറത്തെടുത്തത്.