Explained | അക്രമി നടന്നടുത്തു, കൈയില്‍ കരുതിയ പെട്രോള്‍ യാത്രക്കാരുടെ നേര്‍ക്കൊഴിച്ച് തീക്കൊളുത്തി ; ആക്രമണം ഇങ്ങനെ - റെയിൽവേ
🎬 Watch Now: Feature Video
കോഴിക്കോട് : എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരൻ പെട്രോൾ ഒഴിച്ച് തീയിട്ടു എന്ന വാർത്ത ഏറെ ദുരൂഹത സൃഷ്‌ടിച്ചിരിക്കുകയാണ്. ആലപ്പുഴയിൽ നിന്നും കണ്ണൂരേക്ക് പോകുകയായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്. കോഴിക്കോട് നിന്നും ഒമ്പത് മണിയോടെ ട്രെയിൻ എടുത്ത് എലത്തൂരിലേക്ക് എത്തുന്നതിനിടയിൽ ചുവപ്പ് ഷർട്ടും തൊപ്പിയും ധരിച്ച അജ്ഞാതന്‍ ഡി 1 കമ്പാർട്ട്മെന്‍റിലേക്ക് നടന്നെത്തി. തുടർന്ന്, കൈയിൽ കരുതിയ പെട്രോൾ ട്രെയിനിലെ യാത്രക്കാരുടെ ശരീരത്തിലേക്ക് ഒഴിച്ച് ഇയാൾ തീ കൊളുത്തുകയായിരുന്നു.
സംഭവത്തിൽ കമ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്ന ഒമ്പത് പേർക്ക് പരിക്കേറ്റു. ഈ വാർത്തയ്‌ക്ക് പിന്നാലെയാണ് റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ സഹോദരിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. ട്രെയിനിൽ തീപടർന്നപ്പോൾ പ്രാണരക്ഷാർഥം പുറത്തേക്ക് ചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തത്. യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ചതിന് പിന്നാലെ ട്രെയിൻ കോരപ്പുഴ പാലത്തിൽ നിന്നു. യാത്രക്കാരിൽ ഏതോ ഒരു വ്യക്തിയെ വധിക്കാനുള്ള ശ്രമം, സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം എന്നിങ്ങനെയായിരുന്നു സംഭവത്തെ കുറിച്ച് ആദ്യം പുറത്തുവന്ന വാർത്തകൾ.
ഒരു തരത്തിലുള്ള പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം എന്നാണ് യാത്രക്കാർ പറയുന്നത്. കോരപ്പുഴ പാലത്തിൽ ട്രെയിൻ നിർത്തിയപ്പോൾ അക്രമി ഓടി രക്ഷപ്പെട്ടതായാണ് സൂചന. അക്രമി ആരാണെന്നോ ആക്രമണത്തിന് ശേഷം ഇയാൾ എങ്ങോട്ട് പോയെന്നോ ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടെ, ട്രാക്കിനരികിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമിയുടേതെന്ന് കരുതുന്ന ഒരു ബാഗ് കണ്ടെത്തി.
ബാഗിൽ നിന്ന് മൊബൈൽ ഫോൺ, ഹിന്ദിയില്‍ എഴുതിയ ലഘുലേഖ, കുപ്പിയിൽ സൂക്ഷിച്ച നിലയിൽ ഇന്ധനം തുടങ്ങിയവ കണ്ടെടുത്തു. ബാഗിൽ നിന്ന് കണ്ടെത്തിയ തെളിവുകൾ നിർണായകമായേക്കും എന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.