'തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു': കാനം രാജേന്ദ്രനെ അനുസ്‌മരിച്ച് പന്ന്യന്‍ രവീന്ദ്രന്‍ - latest news in kerala
🎬 Watch Now: Feature Video
Published : Dec 8, 2023, 10:01 PM IST
തിരുവനന്തപുരം : അസുഖ ബാധിതനായി ചികിത്സ തേടിയതിന് പിന്നാലെ കാനം രാജേന്ദ്രൻ തിരികെയെത്തുമെന്നും തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിച്ചിരുന്നുവെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കുറച്ചുനാളുകളായി അസുഖ ബാധിതനായി മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. അതിനിടയില്‍ ആകസ്‌മികമായി കാല്‍ മുറിക്കേണ്ടതായി വന്നു (Pannyan Raveendran About Kanam Rajendran). തലസ്ഥാനത്ത് ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ഇന്ന് അദ്ദേഹമില്ല. കേരളത്തിലെ പാർട്ടിക്ക് വലിയൊരു ഷോക്കാണ് ഈ വിയോഗമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഏറ്റവും നന്നായി പാർട്ടിയുടെ പ്രവർത്തകരെ പ്രവർത്തന നിരതരാക്കുന്നതിൽ മുഖ്യമായ പങ്കുവഹിച്ച ആളാണ്. തനിക്ക് ശരിയെന്ന് തോന്നുന്ന ഏത് കാര്യത്തിനും വേണ്ടി ശക്തമായി പോരാടിയിരുന്ന ഒരു നേതാവ് കൂടിയാണ് അദ്ദേഹം. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും അദ്ദേഹത്തിന്‍റെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുകയും ചെയ്‌തിരുന്ന അവസരമായിരുന്നു (Kanam Rajendran Death). അതെല്ലാം പോയി. ഒരു മനുഷ്യ ജീവിതത്തിൽ ചെയ്യാവുന്നതെല്ലാം ചെയ്‌ത് കൊണ്ടാണ് അദ്ദേഹം പോയത്. അദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഇനി അദ്ദേഹം നമ്മുടെ ഓർമയിൽ മാത്രമാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ മാത്രമല്ല തൊഴിലാളികളുടെ ഒരുപാട് കാലത്തെ ദീർഘമായ നേതൃത്വ പദവി അദ്ദേഹത്തിനുണ്ടായിരുന്നു. യുവജന രംഗത്തും പാർട്ടി രംഗത്തും തൊഴിലാളി വർഗ രംഗത്തും ഒരുപോലെ പ്രവർത്തിച്ചിരുന്ന നേതാവാണ് സഖാവ് കാനം (CPI leader Pannyan Raveendran). അദ്ദേഹവുമായി ദീർഘ കാലത്തെ ബന്ധമുണ്ട്. ഏതാണ്ട് അര നൂറ്റാണ്ടോളം ദീർഘമായ ബന്ധമാണത്. പാർട്ടിയുടെ എല്ലാ തലങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്ന ആളാണ് അദ്ദേഹമെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
Also read: 'നിലപാടുകളില്‍ വിട്ടുവീഴ്‌ചയില്ലാത്ത നേതാവ്'; കാനത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് രാഷ്ട്രീയ കേരളം